ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഫാമിലി ഡേയും അടുത്ത ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ സാല്‍ഫോര്‍ഡ് രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ അധ്യക്ഷത വഹിക്കും. ഇടവകവികാരി മോണ്‍.ജോണ്‍ ഡെയില്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും.
സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷെല്ലി എബ്രഹാം ഏവര്‍ക്കും സ്വാഗതം ആശംസിക്കും. ഇതേ തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും. സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പരിപാടികളുമായി വേദിയില്‍ എത്തുമ്പോള്‍ ഇടവക ജനം ഫാമിലി യൂണിയനുകളുടെ കീഴില്‍ അണിനിരന്ന് മികച്ച പ്രകടനങ്ങളുമായി വേദിയില്‍ എത്തിച്ചേരും. മാസങ്ങളായി നടന്ന് വരുന്ന തീവ്രപരിശീലനത്തിനൊടുവിലാണ് പ്രതിഭകള്‍ വേദിയിലെത്തുന്നത്.

ട്രസ്റ്റിമാരായ ബേബി ലൂക്കോസ്, മാത്യു സെബാസ്റ്റിയന്‍ എന്നിവരുടെയും പ്രോഗ്രാം കണ്‍വീനര്‍ സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കലാ പരിപാടികളെ തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.