ജഗദീഷ് കരിമുകള്‍

മനുഷ്യന്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന്‍ വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്‍പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്‍കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.

ഒരു സാഹിത്യസൃഷ്ടിയുടെ പിന്‍ബലമില്ലാതെ നല്ലൊരു സിനിമ പിറവിയെടുക്കുക പ്രയാസമാണ്. മുന്‍കാലങ്ങൡ കഥ പറച്ചിലിനായിരുന്നു പ്രധാന്യം. സാഹിത്യം ചൊല്ലി കേള്‍പ്പിക്കുന്നവരെ വിളിച്ചിരുന്നത് കാവ്യ ഗായകര്‍ എന്നായിരുന്നു. അന്ന് നേരില്‍ കണ്ട് ആസ്വദിച്ചുവെങ്കില്‍ ഇന്ന് നേരില്‍ കാണാതെ ആസ്വദിക്കുന്നു. അന്നത്തേ ആസ്വാദകന് തൃപ്തികരമായ വിധത്തില്‍ രസാനുഭൂതിയ്ക്ക് പുറമെ അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ പല സിനിമകള്‍ക്ക് മുന്നിലും തലകുനിച്ചു പോകുന്നു. യൗവനക്കാര്‍ക്ക് ലഹരിപിടിക്കുന്ന പ്രണയം, സ്ത്രീകളുടെ നഗ്നത, ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന രസം എന്ന മസാലക്കൂട്ട്, മദ്യപാനം, താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകള്‍. താരാരാധന അന്നില്ലായിരുന്നു. അന്നത്തെ കഥകള്‍ക്ക് ജീവിതവുമായി ഒരു നേര്‍ത്ത ബന്ധമുണ്ടായിരുന്നു. അന്നും ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ള ഏതാനും സിനിമാ സംവിധായകരുള്ളത് മലയാളത്തിന് അഭിമാനിക്കാം.

സാഹിത്യസൃഷ്ടികള്‍ വായനക്കാരന്റെ ശ്രദ്ധയെ അനുസ്യൂതമായി നിലനിര്‍ത്തുന്നതുപോലെ ചരിത്ര കഥകളും ജീവിക്കുന്നു. കൃത്രിമത്വം നിറഞ്ഞ കഥകളും ഇന്ന് സിനിമയില്‍ കാണാറുണ്ട്. ഈ കൃതിയില്‍നിന്ന് കടമെടുത്തു പറഞ്ഞാല്‍ ”നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് സഹോദരങ്ങളായ ഔഗസ്റ്റ്- ലൂയി ലുയിയര്‍മാര്‍ കണ്ടെത്തിയ സിനിമ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ വികസിപ്പിച്ചെടുത്തത് മുഖ്യമായും മൂന്ന് തലങ്ങളാണ്. ഒന്ന് – പ്രൊജക്ടറും പ്രൊജക്ഷനും, രണ്ട്- മൂവി ക്യാമറയുടെ വികാസം, മൂന്ന് – ഫോട്ടോഗ്രഫിയുടെ ഉപയോഗം. ഇത് ലോകത്തിന് നല്കിയത് ആഴമേറിയ സാങ്കേതിക യാഥാര്‍ത്ഥ്യങ്ങളാണ്. സത്യത്തില്‍ ലൂമിയര്‍ സഹോദരങ്ങള്‍ക്ക് മുന്‍പു തന്നെ ചലിക്കുന്ന ചിത്രം തിരശ്ശീലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അമേരിക്കന്‍ ഹെന്‍ട്രി റെന്നോ ഹെയില്‍ ആയിരുന്നു അതിന്റെ അവകാശി. 1870-ല്‍ ഹെന്‍ട്രിയാണ് ചലച്ചിത്രത്തിന്റെ നൃത്തരൂപം ലോകത്തിന് സമ്മാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഹിത്യത്തിന്റെ മാധ്യമം ഭാഷയെങ്കില്‍ ദൃശ്യകലയില്‍ കടന്നു വരുന്നത് അഭിനയം എന്ന മാധ്യമമാണ്. കലകളുടെ കലവറയായ കേരളത്തിലെ കഥകളി നൃത്ത സംഹീതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഥകളിയും നാടകവും ദൃശ്യകലകളാണ്. നാട്യശാസ്ത്രത്തിന്റെ ആചാര്യന്‍ ഭരതമുനി തന്നെയാണ് നാട്യത്തിന്റെയും മാധ്യമം അഭിനയമെന്നു പറഞ്ഞത്. അതിന്റെ ആധാര ശീലകള്‍ വാചീകം, ആംഗീകം, ആഹാര്യം, സാത്ത്വികമാണ്. ഇതില്‍ നൃത്തവും നാട്യവുമുണ്ട്. ഇതുപോലെ എത്രയോ ഹാസ്യരസ പ്രാധാന്യമുള്ള ദൃശ്യകലയാണ് തുള്ളല്‍. ഇതിലെ രസം, ശൃംഗാരം, ഹാസ്യം. കാണുന്നവര്‍ക്ക് ഇന്നത്തെ മലയാള സിനിമയില്‍ കാണുന്നത് ഒരു പ്രഹസനമായി തോന്നും. കഥകളി നടന്മാര്‍ കൈകൊണ്ടു കാണിക്കുന്ന അസംയുക്ത ആ മുദ്രകളോ മുകളില്‍ എഴുതപ്പെട്ടവയോ സ്‌ക്രീനില്‍ കൃത്രിമവേഷം കെട്ടിയാട്ടുന്നവരെ കൊണ്ട് കഴിയുമോ? ്ഞാനിവിടെ വേഷങ്ങളെകുറച്ചു കാണുകയല്ല ചെയ്യുന്നത്. എല്ലാ ദൃശ്യകലകളിലും വേഷങ്ങളുണ്ട്. ഈ കലാ രംഗത്തുള്ളവരുടെ യോഗ്യതകള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.

ചാനലുകളിലൂടെ പരസ്യങ്ങള്‍ നടത്തി സമ്പന്നരാകുന്നവര്‍ ജനജീവിതത്തിന്റെ വേദനകളും നെടുവീര്‍പ്പുകളും തിരിച്ചറിയുന്നില്ല. ഈ കാലത്തും ഒരാള്‍ പത്തുപേരെ ഇടിച്ചു വീഴ്ത്തുന്ന താരാധിപത്യമാണ് മലയാള സിനിമയില്‍ കാണുന്നത്. സിനിമയില്‍ ഇന്ന് അധികാരമുറപ്പിച്ചിരിക്കുന്ന മാദകലഹരിപൂണ്ട സുന്ദരിമാരും താരാധിപന്മാരും കലയെ കച്ചവടം ചെയ്ത് കശാപ്പുചെയ്യുന്ന മുതലാളിമാരും യുവതി-യുവാക്കളില്‍ മാത്രം കടന്നുചെല്ലാതെ ജനഹൃദയങ്ങളില്‍ കടന്നു ചെല്ലുന്നവരാകണം. അതിന് ഈ കൃതി സഹായകമായിരിക്കും. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ധാരാളം സംഭാവനകള്‍ നല്കിയതുപോലെ മലയാള സിനിമയ്ക്കും ഈ ഗ്രന്ഥം എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. സിനിമയുടെ ചിത്രദര്‍ശനം അടയാളപ്പെടുത്തുന്ന ഈ കൃതി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Email : subhadra.s.111 @gmail.com