ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്നും അല്ലെങ്കിൽ സാധ്യമായ രീതിയിലുള്ള എല്ലാ പണിമുടക്കുകളും നേരിടേണ്ടി വരുമെന്നും നേഴ്സിംഗ് യൂണിയനായ ആർസിഎൻ മുന്നറിയിപ്പ് നൽകി. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് അംഗങ്ങളിൽ നടത്തിയ ഒരു സർവേയിൽ 91% പേർ ഈ വർഷത്തെ 3.6% ശമ്പള വർദ്ധനവ് മതിയെന്ന് കരുതിയില്ലെന്ന് അഭിപ്രായപ്പെട്ടു. വേനൽ കാലത്ത് സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് നടക്കുന്നതിനായി അഭിപ്രായ സർവ്വേ നടത്തുമെന്ന് ആർസിഎൻ വ്യക്തമാക്കി. ശമ്പള വർദ്ധനവിൽ നേഴ്‌സുമാർ തൃപ്തരല്ലെന്നതിൽ നിരാശയുണ്ടെന്നും എന്നാൽ കരാറിന്റെ വിശാലമായ പരിഷ്കരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും സർക്കാർ പറഞ്ഞു.
ശമ്പള വർദ്ധനവിന് ഉപരിയായി എൻഎച്ച്എസ് നേഴ്സുമാരുടെ കരാറുകളിലെ അസമത്വങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിയൻ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ വളരെയധികം നേഴ്സുമാർ വർഷങ്ങളായി കുറഞ്ഞ ബാൻഡിൽ ജോലിചെയ്യുന്ന അവസ്ഥയുണ്ടെന്ന് യൂണിയൻ പറഞ്ഞു. നിലവിൽ വളരെ കഴിവുള്ള കഠിനാധ്വാനികളായ നേഴ്സുമാരിൽ പലർക്കും ഇത് മൂലം ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്. ശമ്പള വർദ്ധനവ് കൂടാതെ ജോലി സാഹചര്യങ്ങളിലെ മെച്ചപ്പെടലും ആർസിഎൻ മുന്നോട്ടു വയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
3.6 ശതമാനം വർദ്ധനവിനെ വിചിത്രം എന്നാണ് ആർ സി എൻ വിശേഷിപ്പിച്ചത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പരിഗണിക്കുമ്പോൾ ശമ്പള വർദ്ധനവ് പൂർണ്ണമായും അപര്യാപ്തമാണെന്നാണ് യൂണിയൻ വാദിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപകരുടെയും ശമ്പള വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്ന അഭിപ്രായവും ശക്തമാണ്. 2022 ലും 2023 ലും സംഭവിച്ചതുപോലെ വീണ്ടും നേഴ്സുമാർ സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയാണ് ഉള്ളത്. ഇത് എൻഎച്ച്എസിന്റെ കാത്തിരിപ്പ് സമയം കുത്തനെ ഉയരുന്നതിന് കാരണമാകും. നിലവിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 29 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് 5 -ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
Leave a Reply