ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള കുട്ടികൾക്ക് തങ്ങളുടെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാനോ വോക്-ഇൻ വാക്സിനേഷൻ സെന്ററിൽ പങ്കെടുക്കാനോ കഴിയും എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. കുറഞ്ഞത് മൂന്നു മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ഏകദേശം 40,000 കൗമാരക്കാർക്കാണ് ക്ഷണം ആദ്യം അയക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള 600,000-ത്തിലധികം ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനുള്ള അർഹത ലഭിക്കും. ഇംഗ്ലണ്ടിൽ ഈ പ്രായപരിധിയിലുള്ള ഏകദേശം 889,700 പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം മുതൽ ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിനേഷനുകൾ നൽകി വരികയാണ്. എന്നാൽ മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയിലെ (ജെസിവിഐ ) വിദഗ്ധർ മാത്രമാണ് 16 നും 17നും ഇടയിൽ വയസുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ശുപാർശ ചെയ്തത്. ഒമിക്രോൺ വേരിയന്റിനെതിരെ ജനങ്ങൾക്ക് പ്രതിരോധം ലഭിക്കുവാൻ രണ്ടു ഡോസ് വാക്‌സിൻ മാത്രം കൊണ്ട് പര്യാപ്തം ആവുകയില്ല എന്ന ഡേറ്റ കാണിച്ചതിനു ശേഷം ആണ് ബൂസ്റ്റർ ക്യാമ്പെയ്‌ൻ വിപുലീകരിക്കാൻ തീരുമാനമായത്.
കഴിഞ്ഞ രണ്ടു വർഷമായി നിരവധി കുടുംബങ്ങൾക്ക് കോവിഡ് വളരെയധികം തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും യുവാക്കളുടെ ജീവിതത്തേയും വിദ്യാഭ്യാസത്തേയും ഇത് വളരെയധികം ബാധിച്ചുവെന്നും വാക്സിനേഷൻ സ്വീകരിക്കുന്നതു വഴി ഇതിനെതിരെ സംരക്ഷണം ലഭിക്കുന്നു എന്നും എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ജിപിയും ഡെപ്യൂട്ടി ലീഡറുമായ ഡോ. നിക്കി കനാനി പറഞ്ഞു. ഒമിക്രോൺ വേരിയന്റിന്റെ യുകെയിൽ ഉടനീളം ഉള്ള അണുബാധ നിരക്ക് കുതിച്ചുയർന്നതിനാൽ സ്കൂളുകളിൽ ഉള്ള ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലുള്ള കുറവ് ദിനം പ്രതി കൂടി വരികയാണ്. ഒമിക്രോൺ യുകെയിൽ ഉടനീളം അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും മുഖാമുഖം ഉള്ള ക്ലാസുകൾ പ്രധാനം ആയതിനാൽ സ്കൂളുകളിലെ ആറാം ഫോമുകളും കോളേജുകളും തുറക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് വാക്സിൻ മന്ത്രി മാഗി ത്രൂപ്പ് പറഞ്ഞു. ജെസിവിഐയുടെ ശുപാർശയെ തുടർന്ന് കോവിഡ്-19 ടെസ്റ്റ് 12 ആഴ്ചയ്ക്കുള്ളിൽ പോസിറ്റീവായുള്ള 16-നും 17-നും വയസ്സുള്ളവർക്ക് ബൂസ്റ്റർ വാക്സിൻ എൻഎച്ച്എസ് നൽകില്ല.
Leave a Reply