ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹീത്രു എയർപോർട്ടിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ അടുത്തമാസം പണിമുടക്കാൻ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബർ മാസത്തിൽ ഏകദേശം 23 ദിവസമാണ് നൂറുകണക്കിന് ബോർഡർ ഫോഴ്സ് ഓഫീസർമാർ പണിമുടക്ക് നടത്തുന്നത് . പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓണത്തിൻറെ സമയത്ത് നിരവധി മലയാളികൾ ആണ് ഹീത്രു എയർപോർട്ട് വഴി കേരളത്തിലേയ്ക്ക് യാത്ര തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.


പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ഏകദേശം 650 അംഗങ്ങൾ ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെ പണിമുടക്കും. അതിനുശേഷം സെപ്റ്റംബർ 22 വരെ അധിക ജോലികൾ ചെയ്യാതിരിക്കുക ഓവർടൈം എടുക്കാതിരിക്കുക തുടങ്ങിയ നിസ്സഹകരണ നടപടികൾ തുടരാനാണ് തൊഴിലാളി യൂണിയനുകൾ ആലോചിക്കുന്നത്. ഹീത്രുവിന്റെ വിവിധ ടെർമിനലുകളിൽ പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബോർഡർ ഫോഴ്സിന്റെ സമരം എയർപോർട്ടിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹീത്രു എയർപോർട്ടിലെ പണിമുടക്ക് വേനൽ കാല അവധി കഴിഞ്ഞെത്തുന്ന യാത്രക്കാരെ വളരെ അധികം ബുദ്ധിമുട്ടിക്കുമെന്ന് അറിയാമെന്ന് പിസിഎസ് ജനറൽ സെക്രട്ടറി ഫ്രാൻ ഹീത്‌കോട്ട് പറഞ്ഞു. തങ്ങളുടെ അംഗങ്ങളുടെ ആശങ്കകൾക്ക് തൊഴിലുടമകൾ പരിഗണിച്ചാൽ പണിമുടക്ക് ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ച ബോർഡർ ഫോഴ്സിലെ അംഗങ്ങളാണ് വിമാനത്താവളങ്ങളിൽ സേവനം അനുഷ്ഠിക്കുന്നത്. മികച്ച സേവന വേതന വ്യവസ്ഥകൾ മുന്നോട്ട് വെച്ചാണ് ബോർഡർ ഫോഴ്സ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്.