ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെൽഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലൻഡിൽ പുതുചരിത്രം കുറിച്ച് സിൻഫീൻ പാർട്ടി അധികാരത്തിലേക്ക്. തീവ്ര ദേശീയവാദികളായ സിൻഫീൻ ഇതാദ്യമായാണ് ഇത്ര വലിയ വിജയം നേടുന്നത്. 90 സ്റ്റോര്‍മോണ്ട് മണ്ഡലങ്ങളില്‍ സിൻഫീൻ 27 സീറ്റുകൾ നേടി. ഡിയുപി 25, അലയന്‍സ് 17, യുയുപി 9, എസ് ഡിഎല്‍പി 8, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ബാക്കി കക്ഷികളുടെ സീറ്റ് നില. രാജ്യത്തിന്റെ ഫസ്റ്റ് മിനിസ്റ്ററായി സിന്ഫീൻ നേതാവ് മിഷേല്‍ ഒ നീല്‍ വന്നേക്കുമെന്നാണ് സൂചന. വടക്കൻ അയർലൻഡിലെ വിജയം സിൻഫീന് റിപ്പബ്ലിക് ഓഫ് അയർലൻഡിലും കരുത്തു പകർന്നേക്കും. ക്രോസ്-കമ്മ്യൂണിറ്റി അലയന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. വലിയ വീഴ്ചയിലേക്ക് പോയില്ലെന്നത് ഭരണത്തിലിരിക്കുന്ന ഡിയുപിയ്ക്കും ആശ്വാസമായി.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐക്യ അയര്‍ലന്‍ഡ് എന്ന് സ്വപനം സാക്ഷാത്ക്കരിക്കുമെന്നാണ് സിന്ഫീൻ പറയുന്നത്. എക്സിക്യൂട്ടിവ് ഉടൻ രൂപീകരിക്കേണ്ടതുണ്ടെന്ന് സിൻഫീൻ വൈസ് പ്രസിഡന്റ് മിഷേൽ ഒ നീൽ പറഞ്ഞു. എന്നാൽ സിൻഫീൻ രൂപീകരിക്കുന്ന എക്സിക്യുട്ടീവില്‍ ചേരാന്‍ ജെഫ്രി ഡൊനാള്‍ഡ് ണിന്റെ പാര്‍ട്ടിയായ ഡിയുപിയോ യൂണിയനിസ്റ്റുകളോ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. അതിനിടെ, നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഡൊണാള്ഡ്സണ് രംഗത്തെത്തി.
അതേസമയം രാഷ്ട്രീയ പ്രതിസന്ധിയും നോർത്തേൺ അയർലൻഡിനെ കാത്തിരിപ്പുണ്ട്. 1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് അനുസരിച്ച് അധികാരം പങ്കുവെയ്ക്കാന്‍ നാഷനലിസ്റ്റുകളും യൂണിയനിസ്റ്റുകളും ബാധ്യസ്ഥരാണ്. എന്നാല്‍ ബ്രക്സിറ്റാനന്തരം യുകെയുടെ മറ്റ് ഭാഗങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പുനഃപരിശോധിച്ചില്ലെങ്കില്‍ അധികാരത്തില്‍ പങ്കാളിയാകില്ലെന്ന് ഡിയുപി മുന്നറിയിപ്പ് നല്കി. എന്നാൽ എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാൻ തയ്യാറാണെന്ന് മിഷേല്‍ ഒ നീല്‍ വ്യക്തമാക്കി കഴിഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സിന്ഫീന് വിജയം ബ്രിട്ടന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സൺ പ്രതികരിച്ചു.
Leave a Reply