ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വൈറസ് ഭീഷണി ഉയർത്തുന്നില്ല എന്ന് തെളിയിക്കുന്നതിനായി മഹാമാരിയുടെ തുടക്കത്തിൽ ടെലിവിഷനിലൂടെ തൽസമയം കൊറോണ വൈറസ് തന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കുവാൻ ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ മുൻസഹായി വെളിപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് എൻക്വയറി കമ്മീഷന് മുൻപിൽ നൽകിയ സാക്ഷി മൊഴിയിലാണ് ഇക്കാര്യം ബോറിസ് ജോൺസന്റെ മുൻസഹായി ആയിരുന്ന ലോർഡ് ലിസ്റ്റർ വെളിപ്പെടുത്തിയത്. 2019-2021 കാലയളവിൽ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായും, ലണ്ടൻ മേയറായി പ്രവർത്തിച്ചിരുന്ന സമയം മുതൽ ബോറിസ് ജോൺസന്റെ വിശ്വസ്തനുമായിരുന്നു ലോർഡ് ലിസ്റ്റർ. കോവിഡ് വൈറസ് പൊതുജനങ്ങൾക്ക് ഭീഷണി അല്ലെന്ന് തെളിയിക്കുന്നതിനായി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരോടും, ഉപദേശകരോടും ടെലിവിഷനിലൂടെ തൽസമയം തന്റെ ശരീരത്തിലേക്ക് വൈറസ് കുത്തി വയ്ക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടതായാണ് ലിസ്റ്റർ തന്റെ സാക്ഷി മൊഴിയിൽ വ്യക്തമാക്കിയത്. കോവിഡിന് ഒരു സാധാരണ രോഗമായി കാണാതിരുന്ന സമയത്ത്, ഒരു നിമിഷത്തെ ചിന്തയിൽ നടത്തിയ ഒരു ദൗർഭാഗ്യകരമായ അഭിപ്രായപ്രകടനമായാണ് ലിസ്റ്റർ ഈ തീരുമാനത്തെ വിശദീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM


അതോടൊപ്പം തന്നെ മറ്റൊരു ലോക്ക്ഡൗണിനേക്കാൾ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നതാണ് അഭികാമ്യമെന്ന പ്രസ്താവനയും ബോറിസ് ജോൺസൺ നടത്തിയതായി തന്റെ സാക്ഷി മൊഴിയിൽ ലിസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2020 ലാണ് ജോൺസൺ ഈ പ്രസ്താവന നടത്തിയതെങ്കിലും, ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021 ഏപ്രിലിലാണ്. എന്നാൽ ആ സമയത്ത് ഈ ആരോപണം തികച്ചും അസംബന്ധമാണെന്ന് വ്യക്തമാക്കി ബോറിസ് ജോൺസൻ തള്ളിക്കളഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും ഇതിനകം തന്നെ കനത്ത ആഘാതം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും ലിസ്റ്റർ പറഞ്ഞു. ജോൺസൻ ഇതു വരെ അന്വേഷണ കമ്മീഷന് മുൻപിൽ ഹാജരായിട്ടില്ല.