സ്വന്തം ലേഖകൻ
ലണ്ടൻ : ജൂലൈ ആദ്യവാരം തന്നെ ബ്രിട്ടൻ സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂൺ 2ന് തന്നെ കോമൺ സിറ്റിംഗ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺസൺ പറഞ്ഞു. കൊറോണയെ തടയാൻ തക്കവണ്ണമുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടുവേണം ലോക്ക്ഡൗൺ ഇളവുകൾ ഉപയോഗിക്കാനെന്നും ജോൺസൻ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കുന്ന നടപടി പിൻവലിക്കുന്നതിന് മുമ്പ് യുകെ അഞ്ച് നിബന്ധനകൾ പാലിക്കണമെന്ന് കാബിനറ്റ് മന്ത്രിമാർ ആവർത്തിച്ചു. രാജ്യത്തിന്റെ മരണനിരക്കിൽ ഇടിവുണ്ടാകണം. ഒപ്പം തന്നെ വൈറസിന്റെ പുനരുൽപാദന നിരക്ക് ഒന്നിനേക്കാൾ താഴെയായി നിലനിർത്തുകയും വേണം. ഇതുവരെ രാജ്യത്ത് കോവിഡ് 19 ബാധിച്ചു 34,000ത്തിൽ അധികം ആളുകൾ മരിച്ചുകഴിഞ്ഞു.
അതേസമയം സ്കൂളുകൾ വീണ്ടും തുറക്കാൻ സുരക്ഷിതമാണെന്ന് മൈക്കൽ ഗോവ് അറിയിച്ചു. അടുത്ത മാസം മുതൽ ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ ഒരിക്കലും അപകടസാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഗോവ് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ പിന്തുണയുള്ള അധ്യാപന യൂണിയനുകൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഡെൻമാർക്ക് പോലുള്ള മറ്റു രാജ്യങ്ങളുടെ സ്കൂൾ സുരക്ഷാ മാതൃക ബ്രിട്ടനും പിന്തുടരണമെന്ന് മുൻ വിദ്യാഭ്യാസ സെക്രട്ടറി അഭിപ്രായപ്പെട്ടു.
കുട്ടികൾക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “സ്കൂളുകൾ തുറന്നുകിടക്കുന്ന രാജ്യങ്ങളുണ്ട്. അവിടുത്തെ സ്കൂളുകളിൽ പകർച്ചവ്യാധികൾ വലിയ രീതിയിൽ ഉണ്ടായിട്ടില്ല എന്നത് നമ്മൾ കണ്ടതാണ്.” ഡോ. സൗമ്യ പറഞ്ഞു. മിക്ക പകർച്ചവ്യാധികളും പടരുന്നത് സാധാരണ ക്ലാസ് മുറികളിലല്ല, ധാരാളം ആളുകൾ ഒത്തുചേരുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ പ്രാദേശികമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അടുത്തമാസം തുടക്കത്തിൽ തന്നെ സ്കൂളുകൾ വീണ്ടും തുറക്കില്ലെന്ന് വടക്കൻ ഇംഗ്ലണ്ടിലെ അധികാരികളോടൊപ്പം ലിവർപൂൾ, ഹാർട്ട്‌പൂൾ കൗൺസിലുകൾ പറഞ്ഞിട്ടുണ്ട്. അതേസമയം, വെയിൽസിലെ സ്കൂളുകൾ ജൂൺ 1 ന് വീണ്ടും തുറക്കില്ല. സ്കോട്ട്ലൻഡിലെയും വടക്കൻ അയർലണ്ടിലെയും സ്കൂളുകൾ വേനൽക്കാല അവധിക്ക് മുമ്പ് പുനരാരംഭിക്കാനിടയില്ല.
Leave a Reply