ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ വ്യാപനം അതിശക്തമായി തുടരുന്നതിനാൽ രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയേറെ. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ മൂന്നു തരം മാർഗങ്ങളാണ് പ്രധാനമന്ത്രിക്ക് മുൻപിലുള്ളത്. വീടിനകത്തുള്ള കൂടിച്ചേരൽ പരിമിതപ്പെടുത്താൻ ആളുകളോട് ആവശ്യപ്പെടുക, പബ്ബുകളിലും റെസ്റ്റോറന്റുകളിലും രാത്രികാല കർഫ്യൂ, സാമൂഹിക അകലം പാലിക്കുക, സമ്പൂർണ ലോക്ക്ഡൗൺ എന്നീ മാർഗങ്ങളാണ് ശാസ്ത്രോപദേശക സമിതി നിർദേശിച്ചത്. ആരോഗ്യ മേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ക്രിസ്മസിനു മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സൂചനകള്‍ നൽകിയിരുന്നു. ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നും ജാവിദ് കൂട്ടിച്ചേർത്തു.
ആശുപത്രി പ്രവേശനം കുറയ്ക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് മെഡിക്കല്‍ ചീഫ് ക്രിസ്സ് വിറ്റിയും ശാസ്ത്രോപദേശക സമിതി തലവന്‍ പാട്രിക് വാലന്‍സും ഇന്നലെ കാബിനറ്റിനോട് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ ഉടൻ കൊണ്ടുവന്നില്ലെങ്കിൽ എൻഎച്ച്എസ് അമിത സമ്മർദ്ദത്തിലാകുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വ്യാപനം അതിതീവ്രമാവുന്നതോടെ പ്രതിദിനം 10,000 പേരെങ്കിലും ചികിത്സതേടി ആശുപത്രികളില്‍ എത്തുമെന്നാണ് വിലയിരുത്തൽ. എന്നാല്‍, ക്രിസ്മസ് കാലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർക്ക് കടുത്ത എതിർപ്പുണ്ട്.
വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേരുന്നത് നിരോധിക്കുക, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്. ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗണും പരിഗണനയിലുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ ഒമിക്രോൺ മരണം 12 ആയി ഉയർന്നു. 104 ഒമിക്രോൺ ബാധിതർ ആശുപത്രിയിൽ കഴിയുന്നു. ഞായറാഴ്ച 12,133 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 37,101 ആയി.
Leave a Reply