ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് തന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടന്ന നിയമവിരുദ്ധ പാർട്ടികളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇപ്പോഴും അദ്ദേഹം എംപിയായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് 90 ദിവസത്തെ സസ്പെൻഷനും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുന്ന പാർട്ടികൾക്കിടയിലും ഡൗണിംഗ് സ്ട്രീറ്റിൽ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വാദിച്ച് എംപിമാരെ ബോറിസ് ജോൺസൺ ഒന്നിലധികം തവണ തെറ്റിദ്ധരിപ്പിച്ചതായാണ് കമ്മറ്റി കണ്ടെത്തിയത്.

 

ഏഴംഗ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 106 പേജുകളായാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് ജോൺസൺ കഴിഞ്ഞയാഴ്ച മുൻകൂർ കോപ്പി ലഭിച്ചതിനെത്തുടർന്ന് കമ്മിറ്റി പക്ഷപാതപരമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് എംപി സ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. തന്റെ പ്രസ്താവനകൾ മൂലം എംപിമാർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം ഇതിനകം സമ്മതിച്ചിട്ടുണ്ടെങ്കിലും, എന്നാൽ ആ സമയത്ത് അവ സത്യമാണെന്ന് താൻ വിശ്വസിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവനകളെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായ അറിവ് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ തന്റെ ഉറപ്പുകളിലൂടെ അദ്ദേഹം പാർലമെന്റിനെ അവഹേളിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാരിലെ ഏറ്റവും മുതിർന്ന അംഗമായതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രവർത്തി കൂടുതൽ ഗുരുതരമാണെന്ന് കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയുടെ രണ്ട് എംപിമാരായ എസ്എൻപിയുടെ അലൻ ഡോറൻസ്, ലേബർ പാർട്ടിയുടെ ഇവോൺ ഫോവാർഗ് എന്നിവർ അദ്ദേഹത്തെ കോമൺസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവരുടെ അഭിപ്രായങ്ങൾ കമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല. പാർലമെന്റിന്റെ ചരിത്രത്തിലെ വളരെ അപൂർവമായ സംഭവമാണ് എംപിമാരുടെ പുറത്താക്കൽ. കഴിഞ്ഞ 100 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിലൂടെ അദ്ദേഹം ഇതിനകം തന്നെ എംപി സ്ഥാനം രാജിവച്ചതിനാൽ, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ഇനി സാധിക്കുകയില്ല.