ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പാർട്ടിയിൽ ഗൂഢാലോചന നടത്തുന്നവരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് ബോറിസ് ജോൺസൻ. ടോറി എംപിയും സെലക്ട് കമ്മിറ്റി ചെയര്‍മാനുമായ വില്യം വ്രാഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മോശം പ്രചാരണവും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലും ഉൾപ്പെടെയുള്ള ഭീഷണികളാണ് പാർട്ടിയിലെ സഹ എംപിമാർക്ക് നേരെ ഉണ്ടായതെന്ന് വില്യം വ്രാഗ് വെളിപ്പെടുത്തിയിരുന്നു. ഭീഷണി നേരിടുന്ന സഹപ്രവർത്തകരോട് പോലീസിൽ പരാതിപ്പെടാൻ അദ്ദേഹം ഉപദേശിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നത് തടയാനാണ് ഈ ഭീഷണിയെന്ന് വ്രാഗ് പറഞ്ഞു. എന്നാൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും താൻ കണ്ടിട്ടില്ലെന്ന് ബോറിസ് ജോൺസൺ മാധ്യമങ്ങളോട് അറിയിച്ചു.
അതേസമയം, ലേബർ പാർട്ടിയിലേക്ക് മാറിയ ഒരു മുൻ ടോറി എംപി ക്രിസ്റ്റ്യൻ വേക്ക്ഫോർഡും സർക്കാരിനെതിരെ രംഗത്തെത്തി. ഒരു പ്രത്യേക രീതിയിൽ വോട്ട് ചെയ്തില്ലെങ്കിൽ തന്റെ മണ്ഡലത്തിൽ ഹൈസ്കൂൾ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി വേക്ക്ഫോർഡ് പറഞ്ഞു. 20 വർഷമായി കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്ന വേക്ക്ഫോർഡ് ബുധനാഴ്ചയാണ് പാർട്ടി വിട്ടത്. വില്യം വ്രാഗിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ആംഗല റെയ്‌നർ പറഞ്ഞു. പ്രധാനമന്ത്രി ഒരു മാഫിയ തലവനെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ലിബ് ഡെം നേതാവ് സർ എഡ് ഡേവി ആരോപിച്ചു.
2020 മെയിലെ പാര്‍ട്ടിയെ ചൊല്ലി ബോറിസിനെതിരെ സ്വന്തം എംപിമാർ കലാപമുയര്‍ത്തിക്കഴിഞ്ഞു. 54 പേര്‍ 1922 ലെ കമ്മിറ്റിക്ക് കത്തുകള്‍ അയച്ചാല്‍ – ടോറി നേതൃത്വ മത്സരങ്ങള്‍ക്കായി ബാക്ക്ബെഞ്ച് ഗ്രൂപ്പ് വെല്ലുവിളി ഉയര്‍ത്തും. പാര്‍ട്ടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി രാജിവെക്കണമെന്നു വില്യം വ്രാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വൈറ്റ്ഹാളില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് മുതിര്‍ന്ന ഒഫീഷ്യല്‍ സ്യൂ ഗ്രേ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഫലം അടുത്താഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply