ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രെയ്‌നിനെതിരെ ആക്രമണം അഴിച്ചുവിട്ട റഷ്യൻ പ്രസിഡന്റ് പുടിനെതിരെ നിർണ്ണായകമായി പ്രതികരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കഴിഞ്ഞ ദിവസം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. റോസ്സിയ, ഐ എസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വായാസ് ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നീ ബാങ്കുകൾക്കും മൂന്ന് റഷ്യന്‍ അതിസമ്പന്നര്‍ക്കും ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തി. യുകെയിലേക്കുള്ള റഷ്യൻ പണത്തിന്റെ ഒഴുക്ക് തടയാൻ സർക്കാർ കൂടുതൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. റഷ്യയിൽ നിന്നുള്ള നിരവധി സമ്പന്നരായ വ്യക്തികളും കമ്പനികളും യുകെ ഫിനാൻഷ്യൽ, പ്രോപ്പർട്ടി മാർക്കറ്റുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അഴിമതി വിരുദ്ധ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ കണ്ടെത്തൽ പ്രകാരം യുകെയിലെ 1.50 ബില്യൺ പൗണ്ടിന്റെ ആസ്തികൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന റഷ്യക്കാരുടെ ഉടമസ്ഥതയിലാണ്.
യുകെയിലെ പ്രോപ്പർട്ടികൾ കൈവശം വെച്ചിരിക്കുന്ന 700 ഓഫ്‌ഷോർ കമ്പനികളിൽ 5% റഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണ്. സമ്പന്നരായ റഷ്യക്കാർക്ക് സ്ഥിരതാമസമാക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും അനുയോജ്യമായ സ്ഥലമാണ് ലണ്ടൻ. യുകെയിൽ 2 മില്യൺ പൗണ്ടോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവർക്ക് ഗോൾഡൻ വിസ ലഭിക്കും. ഇത് നിരവധി സമ്പന്നരെ ബ്രിട്ടനിലേക്ക് ആകർഷിച്ചു. ഗോൾഡൻ വിസയുള്ളവർക്ക് അവരുടെ കുടുംബത്തോടൊപ്പം യുകെയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയും. 2008-ൽ ഈ പദ്ധതി അവതരിപ്പിച്ചതു മുതൽ റഷ്യൻ പൗരന്മാർക്ക് 2,581 ഗോൾഡൻ വിസകൾ നൽകിയിട്ടുണ്ട്. എന്നാൽ 2022 ഫെബ്രുവരി 17 ന് ബ്രിട്ടീഷ് സർക്കാർ ഇത് റദ്ദാക്കി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വില്പനയിലൂടെ വലിയ തുക സമാഹരിക്കാൻ റഷ്യൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ ഉപരോധം വ്യാപകമാക്കാനാണ് സാധ്യത. യുഎസുമായും മറ്റ് സഖ്യകക്ഷികളുമായും ചേർന്ന് റഷ്യക്കാരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രാ നിരോധനം ഏർപ്പെടുത്താനും ബ്രിട്ടൻ തയ്യാറായേക്കും.
Leave a Reply