ബ്രിട്ടൻ ഇനി ബോറിസ് ജോൺസൺ ഭരിക്കും. 1.6 ലക്ഷം ടോറി പാർട്ടി അംഗംങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പിൽ 66.4% വോട്ടുകളും നേടി തെരേസ മേയുടെ പിൻഗാമി ആയി മാറിയിരിക്കുകയാണ് ജോൺസൺ. ജോൺസന് 92, 153 വോട്ടുകളും എതിർ സ്ഥാനാർഥി ജെറമി ഹണ്ടിന് 46, 656 വോട്ടുകളും ലഭിച്ചു. ഇന്ന് രാഞ്ജിയെ സന്ദർശിച്ചതിനുശേഷം യുകെയുടെ 55ാമത്തെ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ജോൺസൺ, തെരേസ മേയുടെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മേയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
പുതിയ പ്രധാനമന്ത്രി ഇന്ന് തന്നെ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി തെരേസ മേ, ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാഞ്ജിയെ സന്ദർശിച്ചു തന്റെ രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ രാഞ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി വഴി കൊട്ടാരത്തിലേക്ക് വിളിപ്പിക്കും. കൈകൾ ചുംബിക്കുക എന്ന പ്രത്യേക പാരമ്പര്യ ചടങ്ങിനുശേഷം ജോൺസൺ പുറത്തിറങ്ങുന്നത് ബ്രിട്ടന്റെ പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവി ഏറ്റെടുത്തുകൊണ്ടായിരിക്കും. എലിസബത്ത് രാഞ്ജിയ്ക്ക് കീഴിൽ പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന 14ാമത്തെ വ്യക്തിയാണ് ജോൺസൺ. പുതിയ പ്രധാനമന്ത്രിയെ കാത്ത് ഡൗണിങ്ങ് സ്ട്രീറ്റിൽ മാധ്യമങ്ങൾ നിരന്നുകഴിഞ്ഞിരിക്കും. അവിടെ വെച്ച് പ്രധാനമന്ത്രിയായി ജോൺസന്റെ ആദ്യ പ്രസംഗം. ഒരു പ്രാർത്ഥനഭാഗം പാരായണം ചെയ്ത് മാർഗരറ്റ് താച്ചർ തുടങ്ങിയപ്പോൾ, തന്റെ പഴയ സ്കൂൾ മുദ്രാവാക്യം വിവരിച്ചുകൊണ്ടാണ് ഗോർഡൻ ബ്രൗൺ ആരംഭിച്ചത് : ” ഞാൻ പരമാവധി ശ്രമിക്കും.” അതിനുശേഷം പുതിയ ഓഫീസ് ഉടമയെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കാത്തുനിൽക്കുന്നുണ്ടാവും. ഇതൊരു ചടങ്ങ് തന്നെയാണ്.
തുടർന്ന് ക്യാബിനറ്റിനുള്ളിലേക്ക് പ്രവേശിച്ച് ഉദ്യോഗസ്ഥരുമായി കുറച്ചു മണിക്കൂറുകൾ പ്രധാന കാര്യങ്ങൾ സംസാരിക്കും. യുകെയുടെ ഉന്നത സിവിൽ സെർവന്റ് ദൈനംദിന ഭരണം, ജീവിത ക്രമീരണങ്ങൾ തുടങ്ങിയവ വിശദീകരിക്കും. ക്യാബിനറ്റ് സെക്രട്ടറി, പ്രതിരോധ ഉദ്യോഗസ്ഥരുടെ മേധാവി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, രഹസ്യാന്വേക്ഷണ ഏജൻസികളുടെ തലവന്മാർ എന്നിവരും ഈ കൂട്ടത്തിൽ ഉണ്ടായിരിക്കും. ബ്രിട്ടന്റെ ആണവ പ്രതിരോധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചർച്ച ചെയ്യും. ഒരു ന്യൂക്ലീയർ ബ്രീഫിംഗിനുശേഷം, ബ്രിട്ടന്റെ ആണവായുധ ശേഖരം കൈവശം വച്ചിരിക്കുന്ന നാല് അന്തർവാഹിനികളുടെ ചീഫ് കമ്മാൻഡറിന് പ്രധാനമന്ത്രി ഒരു കത്തെഴുത്തും. ഒരു ആണവ ആക്രമണം രാജ്യം നേരിട്ടാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അതിൽ വിവരിച്ചിരിക്കും. അത് സീൽ ചെയ്തിരിക്കും. ഒരിക്കലും അത് തുറന്ന് വായിക്കുകയും ഇല്ല. പ്രധാനമന്ത്രിയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിൽ കോഡുകളുടെ ചുമതല ഏറ്റെടുക്കുന്നതിനുവേണ്ടി 2 ന്യൂക്ലിയർ ഡെപ്യൂട്ടികളെ നിയമിക്കേണ്ടി വരും. ആദ്യ ദിനം മുഴുവനും പുതിയ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് മറ്റ് ലോകനേതാക്കന്മാരുടെ കോളുകളും എത്തും. പിന്നീട് പല ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കുകയും പ്രധാനമായി ചാൻസലർ, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തരകാര്യ സെക്രട്ടറി എന്നീ പദവികളിലേക്ക് അനുയോജ്യരായ വ്യക്തികളെ നിയമിക്കുകയും വേണം. ഒപ്പം 800 ബില്യൺ പൗണ്ടിന്റെ ബഡ്ജറ്റ്, യുകെയിലെ 1.5 ലക്ഷം ട്രൂപ്പുകൾ എന്നിവയുടെ ഉത്തരവാദിത്തവും പുതിയ പ്രധാനമന്ത്രി ഏറ്റെടുക്കേണ്ടി വരും.
Leave a Reply