ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡിനെ പരാജയപ്പെടുത്തി മികച്ച രാജ്യം കെട്ടിപ്പടുക്കുമെന്ന് വിർച്വൽ കൺസർവേറ്റീവ് കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി അറിയിച്ചു. രോഗത്തെ തോൽപിച്ച ശേഷം മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും പാർപ്പിടവും ഒരുക്കുമെന്ന് ജോൺസൻ അറിയിച്ചു. മഹാമാരിക്ക് ശേഷം രാജ്യത്തിന് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ലെങ്കിലും ഇത് വലിയ മാറ്റത്തിന് ഒരു ഉത്തേജകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇരുണ്ട നിമിഷങ്ങളിൽ പോലും നമുക്ക് ശോഭനമായ ഭാവി കാണാൻ കഴിയും. കൂടാതെ നമുക്ക് ഒരുമിച്ചു രാജ്യം പണിയാൻ സാധിക്കും.” ജോൺസൻ കൂട്ടിച്ചേർത്തു. വൈറസിനെതിരെയുള്ള യുകെയുടെ പോരാട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ഇതിനെ മറികടക്കുമെന്നും പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവന്ന രാജ്യം അതിനു മുമ്പുള്ള രാജ്യത്തിൽ നിന്ന് വളരെ വ്യത്യസ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഫ്‌ഷോർ വിൻഡിൽ നിന്ന് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നിക്ഷേപം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കെയർ ഹോം ഫണ്ടിംഗിലുള്ള അനീതി അവസാനിപ്പിക്കും, വീട് നിർമാണം മെച്ചപ്പെടുത്തും, പകർച്ചവ്യാധിയുടെ സമയത്ത്‌ പിന്നോക്കം പോയ വിദ്യാർത്ഥികൾ‌ക്ക് പിന്തുണ നൽകും, പ്രകൃതി സംരക്ഷണം തുടങ്ങിയ നടപടികൾ സർക്കാർ ആവിഷ്കരിക്കും. ചെറുപ്പക്കാരുടെ ഭവന ഉടമസ്ഥാവകാശം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം 20 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടുവരുമെന്ന് അറിയിച്ചു. വെറും 5% നിക്ഷേപമുള്ളവർക്ക് നിശ്ചിത നിരക്കിലുള്ള മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്തു.

“നാം 2019 ലേക്ക് മടങ്ങുകയല്ല, മറിച്ച് മികച്ചത് ചെയ്യുകയാണ്. ഗവൺമെന്റ് വ്യവസ്ഥയെ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ പുതുക്കുകയും ചെയ്യും.” ജോൺസൻ ഓർമിപ്പിച്ചു. പകർച്ചവ്യാധിയുടെ സമയത്ത് തന്റെ നേതൃത്വത്തെ വിമർശിച്ചവരെ അഭിസംബോധന ചെയ്ത ജോൺസൺ, രോഗവുമായുള്ള യുദ്ധത്തിൽ നിന്ന് താൻ പൂർണമായും കരകയറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നത് തെറ്റാണെന്നും അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി അടുത്ത മാസങ്ങളായി ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തുകയുണ്ടായി. കഴിവില്ലാത്ത ഒരു സർക്കാർ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.