ഇന്ത്യ-പാക് അതിർത്തിയിൽ സമാധാനം പുലരുന്നു. വെടിനിർത്തൽ പ്രാബല്യത്തിലെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം.
“പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകുന്നേരം 3.35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമത്താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും”- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ഇഷാഖ് ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.
“പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിനായി സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്!”- ഇഷാഖ് ധർ എക്സില്‍ കുറിച്ചു.
Leave a Reply