ന്യൂസ് ഡെസ്ക് മലയാളം യുകെ

പഴക്കമേറും തോറും മദ്യത്തിന് വീര്യവും ഗുണവും വിലയും വർദ്ധിക്കും. ശനിയാഴ്ച ലണ്ടനിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിൽ ഒരു കുപ്പി മക്കാലൻ അദാമി വിസ്കി ലേലത്തിൽ വിറ്റു പോയത് 2.1 മില്യൺ പൗണ്ടിനാണ്. ഏകദേശം നൂറ് വർഷം പഴക്കമുള്ള മദ്യമാണിത്. 1926 ലാണ് ഇത് നിർമ്മിച്ചത്.

ഇതുവരെ ഒരു കുപ്പി വീഞ്ഞിനും മദ്യത്തിനും ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ തുകയ്ക്കാണ് ലേലം നടന്നത്. ശനിയാഴ്ച വിറ്റത് ഉൾപ്പെടെയുള്ള 12 കുപ്പിയുടെ ലേബൽ രൂപകൽപ്പന ചെയ്തത് പ്രശസ്ത ഇറ്റാലിയൻ കലാകാരനായ വലേരിയോ അദാമി ആണ് . നേരത്തെ മക്കാലൻ അദാമിയുടെ തന്നെ 1.5 മില്യൺ പൗണ്ടിന് വിറ്റ് പോയ മദ്യത്തിന്റെ പേരിലായിരുന്നു ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ നടന്ന ലേലത്തിൽ ആ പഴയ റെക്കോർഡ് ആണ് തിരുത്തപ്പെട്ടത്. 1926 – ൽ നിർമ്മിച്ച വിസ്കി 1980 ലാണ് കുപ്പികളിലാക്കിയത്. 2 മില്യൺ പൗണ്ടിന്റെ വിസ്കി റിച്ച് ഡാർക്ക് ഫ്രൂട്ട്സ് എന്നിവ അടങ്ങിയതും വിശിഷ്ടമായ രുചിയുള്ളതുമായിരിക്കുമെന്നും മക്കാലൻ മാസ്റ്റർ വിസ്‌കി നിർമ്മാതാവ് കിർസ്റ്റീൻ കാംബെൽ പറഞ്ഞു.