ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
സൗത്താംപ്റ്റണ്‍: ദൈവം തന്റെ ജനത്തെ ഒരുമിച്ച് കൂട്ടിയപ്പോള്‍ സംഘാടകര്‍ പോലും പ്രതീക്ഷിച്ചതിനേക്കാളേറെ വിശ്വാസികള്‍ ഒഴുകിയെത്തിയ സൗത്താംപ്ടണ്‍ റീജിയണ്‍ അഭിഷേകാഗ്‌നി ഭക്തിസാന്ദ്രമായി. ബോണ്‍മൗത്ത് ലൈഫ് സെന്ററിലേയ്ക്ക് വിശ്വാസികള്‍ ആയിരങ്ങളായി ഒഴുകിയെത്തിയപ്പോള്‍ സൗത്താംപ്റ്റണില്‍ മലയാളി വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി മാറി. രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച കണ്‍വെന്‍ഷന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു നടന്ന ആരാധനാസ്തുതി സ്തോത്രങ്ങള്‍ക്ക് ശേഷം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ യുകെയുടെ സാരഥി സോജി ഓലിക്കലും പ്രസംഗിച്ചു.
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന ഏതുകാര്യവും നമുക്ക് സാധിച്ചുകിട്ടുമെന്ന് റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ സുവിശേഷ സന്ദേശത്തില്‍ ഓര്‍മ്മിച്ചു. വിശ്വസിച്ച് പ്രാര്‍ത്ഥിച്ച് അത്ഭുതകരമായ സൗഖ്യങ്ങളും അനുഗ്രഹങ്ങളും നേടിയവരുടെ അനുഭവ സാക്ഷ്യങ്ങളും വേദിയില്‍ പങ്കുവെച്ചു. വിശ്വാസിച്ച് അനുഗ്രഹം നേടിയവരുടെ കഥകളാണ് സുവിശേഷത്തില്‍ ഉടനീളം കാണുന്നതെന്നും ഫാ. വട്ടായില്‍ പറഞ്ഞു.
കണ്‍വെന്‍ഷന്‍ സമാപിച്ചത് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ദിവ്യബലിയോടെയായിരുന്നു. പത്രോസിനെ സഭയുടെ അടിസ്ഥാനമായി ഈശോ സ്ഥാപിക്കുന്ന തിരുവചനഭാഗമാണ് സുവിശേഷ ഭാഗമായി വായിക്കപ്പെട്ടത്. ഈശോയുടെ മുമ്പില്‍ തടസ്സമായി പാറയായല്ല, ഈശോയ്ക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറായ വിശ്വാസത്തിന്റെ ഉറപ്പുള്ള പാറയായി വി. പത്രോസ് മാറിയെന്ന് സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വി. കുര്‍ബാനയില്‍ മാര്‍ സ്രാമ്പിക്കലിനോടൊപ്പം നിരവധി വൈദികരും വി. ബലിയില്‍ സഹകാര്‍മ്മികരായി കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ നടത്തിയത്.
ഇന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ഏകദിന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കും. Corpus Christ RC High School – TY Draw Road, Lisvane, Cardiff, CF 23 6 XL ല്‍ രാവിലെ 9 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ ഒരുക്കുന്നത്.
കണ്‍വെന്‍ഷന്റെ സമാപന ദിവസമായ നാളെ ഞായറാഴ്ച ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി പെയ്തിറങ്ങും. Allianz Park, Greenlands Lanes, Hendon, London, NW 4 IRLല്‍ രാവിലെ 9 മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളാണ് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടിയിലിന്റേയും നേതൃത്വത്തിലാണ് പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്നത്.
Leave a Reply