ന്യൂസ് ഡെസ്ക് മലയാളം യുകെ

കോംഗ്‌സ്ബര്‍ഗ്: നോർവേയിലെ കോംഗ്‌സ്ബര്‍ഗിൽ അമ്പും വില്ലും ഉപയോഗിച്ച് അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതിയായ എസ്പെൻ ആൻഡേഴ്സൺ ബ്രെതെനെ (37) പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതി മതപരിവർത്തനത്തിന് വിധേയമായ ആളാണെന്നും ആക്രമണത്തെ തീവ്രവാദ പ്രവർത്തനമായി കാണുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഡാനിഷ് പൗരനായ പ്രതി മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണെന്നു നോർവീജിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കൈത്തോക്ക് ഉപയോഗിച്ച് പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌പെന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ടെന്ന് കോടതി രേഖകൾ വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഷണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതി 20 വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. ആക്രമണം ആരംഭിച്ച സൂപ്പർമാർക്കറ്റിന് സമീപത്തുള്ള പ്രതിയുടെ വീട് പോലീസ് സീൽ ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6:12ന് ആരംഭിച്ച ആക്രമണം അര മണിക്കൂർ നീണ്ടുനിന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസിന് നേരെയും പ്രതി അമ്പ് എയ്തു. അവിടെ നിന്ന് രക്ഷപെട്ട പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയാണ് കോംഗ്‌സ്ബര്‍ഗ് നഗരം. കൊല്ലപ്പെട്ടവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ആക്രമണത്തിന് പിന്നിലുള്ള മുഖ്യ കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി എർന സോൾബെർഗ് ബുധനാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തെ തുടർന്ന് നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.