ഫ്‌ളോറിഡയിലെ ബീച്ചില്‍ വെച്ച് ബുള്‍ ഷാര്‍ക്കിന്റെ ആക്രമണം നേരിടേണ്ടി വന്നത് 12 കാരനായ ഷെയിന്‍ മക് കോണലിന് ജീവിതത്തില്‍ പുതിയ വെളിച്ചമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ഒരു മറൈന്‍ ബയോളജിസ്റ്റായി മാറുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവന്‍. ബീച്ചിലൂടെ നടക്കുന്നതിനിടെ കാലുതെറ്റി കടലില്‍ വീണ ഷെയിന്‍ ബുള്‍ ഷാര്‍ക്കിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. കാല്‍പാദത്തിലായിരുന്നു സ്രാവ് കടിച്ചത്. കാലില്‍ ഷൂസ് ഇല്ലായിരുന്നെങ്കില്‍ പാദങ്ങള്‍ ഇവന് നഷ്ടമാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാനായി മുഖം കൈകൊണ്ട് മറച്ചപ്പോളാണ് അടിതെറ്റി ഷെയിന്‍ കടലിലേക്ക് വീണതെന്ന് എഡിന്‍ബര്‍ഗ് സ്വദേശിയായ ഷെയിന്‍ പറയുന്നു. ഒരു സ്രാവ് കടലില്‍ ഉയര്‍ന്നു താഴുന്നതും താന്‍ കണ്ടു. രക്ഷിക്കാനായി താന്‍ നിലവിളിച്ചപ്പോഴേക്കും സ്രാവ് നീന്തി മറഞ്ഞു. തന്നെ അത് ഒന്നും ചെയ്തില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അടുത്തുണ്ടായിരുന്ന ഒരു ലാഡറിലൂടെ മുകളിലെത്തിയപ്പോളാണ് കാലില്‍ സ്രാവിന്റെ കടിയേറ്റത് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. കാലില്‍ വേദനയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്പര്‍ശനം പോലും അറിയുന്നുണ്ടായിരുന്നില്ല. കാലുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തി തന്റെ കാലുകള്‍ ടവ്വല്‍ ഉപയോഗിച്ച് പൊതിയുകയായിരുന്നു. മുറിവുകള്‍ ആഴത്തിലുള്ളവയായിരുന്നു. റ്റെന്‍ഡനുകള്‍ പോലും പുറത്തു വന്നിരുന്നു. 53 തുന്നലുകളാണ് മുറിവില്‍ വേണ്ടി വന്നത്. ഈ മുറിവിനും സ്രാവിന്റെ ആക്രമണത്തിനും പക്ഷേ ഷെയിനിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാനായിട്ടില്ല.ഡേവിഡ് ആറ്റന്‍ബറോയാണ് ഇവന്റെ ആരാധനാപാത്രം. ബ്ലൂ പ്ലാനെറ്റിന്റെ ആരാധകനായ ഷെയിന്‍ ഒരു മറൈന്‍ ബയോളജിസ്റ്റാകുമെന്ന തീരുമാനത്തിലാണ്.
Leave a Reply