ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ഈസ്റ്റ് ലണ്ടനിൽ ഒരു ബസ്സിലുണ്ടായ കത്തിയാക്രമണത്തിൽ 14 വയസ്സുകാരനായ ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായ കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നുവരുന്ന സമയത്ത് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബസ്സിൽ വച്ചുണ്ടായ കത്തിയാക്രമണത്തിൽ കൗമാരക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ A205 സൗത്ത് സർക്കുലർ റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം വൂൾവിച്ച് ചർച്ച് സ്ട്രീറ്റിലെ 472 ബസ്സിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്. ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്നുള്ള പാരാമെഡിക്കുകളും എയർ ആംബുലൻസും എത്തിയതിന് തൊട്ടുപിന്നാലെ കൗമാരക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് കൂട്ടിച്ചേർത്തു. നിലവിൽ സംഭവത്തോട് അനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞവർഷം മാത്രം ലണ്ടനിൽ 11 കൗമാരക്കാരായ ആൺകുട്ടികൾ ആണ് കൊല ചെയ്യപ്പെട്ടത്. ലണ്ടൻമേയർ സർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.