ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.