ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ അനന്തരഫലമായി കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. കോവിഡ് ഭേദമായ എട്ടു വയസ്സുകാരനെ മൂന്നാഴ്ചയ്ക്ക് ശേഷം കോമയിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടികളിൽ കോവിഡിന്റെ അനന്തരഫലമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ ആദ്യം കോവിഡ് സ്ഥിരീകരിച്ച കാമറൂൺ ബ്രൗണിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം വളരെ വേഗം ഭേദമായി. എന്നാൽ മൂന്നാഴ്‌ചകൾക്കുശേഷം, കഴുത്തിൽ ഒരു മുഴയും ശരീരത്തിൽ തടിപ്പും രൂപപ്പെട്ടു. ടിവി കാണുന്നതിനിടയിൽ, തന്റെ കാഴ്ച മങ്ങുന്നതായി ബ്രൗൺ അമ്മയോട് പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്രൗണിന് പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) ഉണ്ടെന്ന് കണ്ടെത്തിയത്. കോവിഡിന്റെ അനന്തരഫലമായി ഉണ്ടായ രോഗമാണിതെന്ന് ഡോക്ടർമാർ വിലയിരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രൗണിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവനെ കോമയിലാക്കി. വിദഗ്ധ ചികിത്സക്കായി അബർഡീൻ റോയൽ ഇൻഫർമറിയിൽ നിന്ന് ഗ്ലാസ്ഗോയിലെ ക്യൂൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ബ്രൗണിനെ എയർലിഫ്റ്റ് ചെയ്ത് വളരെ സുരക്ഷിതമായാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് ദിവസം ഐസിയുവിലായിരുന്നു. തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രൗൺ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി. കോവിഡ് ഭേദമായ കുട്ടികളെ ഏതാനും ആഴ്ച കൂടി നിരീക്ഷിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തന്റെ മകന് ലഭിച്ച മികച്ച പരിചരണത്തിന് ബ്രൗണിന്റെ അമ്മ ലോറെയ്‌ൻ നന്ദി അറിയിച്ചു. സ്റ്റോൺഹേവൻ സ്വദേശികളായ ജെയിംസ് – ലോറെയ്‌ൻ ദമ്പതികളുടെ ഇളയ മകനാണ് കാമറൂൺ ബ്രൗൺ. ആർച്ചി (12), ബെൻ (13) എന്നിവർ സഹോദരങ്ങളാണ്. പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) അപൂർവ്വമാണെങ്കിലും കോവിഡിന്റെ അനന്തരഫലമായി ഇത് കുട്ടികളിൽ ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.