ന്യൂസ് ഡെസ്ക്, മലയാളം യുകെ

കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരനെയും ഒരു പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിലുള്ള ഇന്ത്യൻ അരോമയിലാണ് വെള്ളിയാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ ലക്ഷ്യമിട്ട് തീയിട്ടതായി സംശയിക്കുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയെയും 54 വയസ്സുള്ള ഒരു പുരുഷനെയും ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടുത്തത്തിന് പിന്നാലെ പരിക്കേറ്റ ഒരു സ്ത്രീയും പുരുഷനും ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അപകടത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒൻപതോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇതിന് പിന്നാലെ ഏകദേശം 90 മിനിട്ടോളം അഗ്നിശമന സേന പ്രയത്നിച്ചതിനൊടുവിലാണ് തീ അണയ്ക്കാനായതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് പറയുന്നു. അന്വേഷണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആവശ്യമായ വിവരങ്ങൾ അറിയുന്നവർ മുന്നോട്ട് വരണമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് റോജേഴ്സ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.