ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വടക്കുപടിഞ്ഞാറൻ ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40ഓടെ 13 വയസ്സുള്ള ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്കൂളിലെത്തുകയായിരുന്നു. പിന്നാലെ, 12 വയസ്സുള്ള മറ്റൊരു കുട്ടിക്കും കുത്തേറ്റതായി സ്ഥിരീകരിച്ചു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ പ്രധാന ട്രോമ സെന്ററിലേക്കാണ് മാറ്റിയത്. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം കൗണ്ടർ ടെററിസം വിഭാഗം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ പിന്നിൽ എന്താണെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

സംഭവം സ്കൂൾ സമൂഹത്തെയും പ്രദേശവാസികളെയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചില കുട്ടികൾ കണ്ണീരോടെ സ്കൂളിൽ നിന്ന് പുറത്തിറങ്ങുന്നതും രക്ഷിതാക്കൾ ഭീതിയിലായിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സ്കൂളിന് വളരെ വേദനാജനകമായ സംഭവം ആണെന്ന് സ്കൂൾ പ്രിൻസിപ്പൽ അലക്‌സ് തോമസ് പറഞ്ഞു. ലണ്ടൻ മേയർ സാദിഖ് ഖാനും ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.











Leave a Reply