കണ്ണൂര്‍: പിതാവിനൊപ്പം വീടുവിട്ടിറങ്ങിയ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത് കുടിയേറ്റ ഗ്രാമമായ ജോസ്ഗിരിയെ നടുക്കി. ചെറുപുഴ പഞ്ചായത്തില്‍ ജോസ്ഗിരിയിലെ പുതിയേടത്ത് ഷാജിയുടെ മകന്‍ ജോബിനാണ് ഇത്തരമൊരു ദുരന്തമുണ്ടായത്. ജോബിന്റെ പിതാവ് ഷാജിയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയുമില്ല. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചില്‍ നടത്തിയപ്പോഴാണ് ജോബിന്റെ മൃതദേഹം കാണപ്പെട്ടത്.
കട്ടം പള്ളി തോടിന് സമീപത്തെ മുളംകൂട്ടത്തിനിടയില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു ജോബിന്റെ മൃതദേഹം. തൊട്ടടുത്ത് ശീതള പാനീയത്തിന്റെ ഒഴിഞ്ഞ പാക്കറ്റും പലഹാരത്തിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. ജോബിന്റെ തലയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം. മൂന്ന് മക്കളുള്ള ഷാജിക്ക് മകന്‍ സുന്ദരനായതില്‍ ഭാര്യയില്‍ സംശയം ജനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതേച്ചൊല്ലി ഇവര്‍തമ്മില്‍ പല തവണ തര്‍ക്കങ്ങളും ഉണ്ടാകുമായിരുന്നു.

ഷാജിയുടെ മൂത്ത രണ്ട് പെണ്‍മക്കള്‍ക്ക് അയാളുടെ കണ്ണില്‍ സൗന്ദര്യമില്ലായിരുന്നു. അതുകൊണ്ട് അവരെ കോഴിക്കോട് കോണ്‍വെന്റില്‍ ചേര്‍ത്തായിരുന്നു പഠിപ്പിച്ചിരുന്നത്. സുന്ദരനായ മൂന്നാമത്തെ മകന്‍ ജോബിന്‍ തന്റേതല്ലെന്ന തോന്നല്‍ ഷാജിയെ അസ്വസ്ഥനാക്കിയിരുന്നു. കാരണമില്ലാതെ ജോബിനെ തല്ലുന്നതും ശകാരിക്കുന്നതും പതിവായിരുന്നു. അതിനാല്‍ പപ്പയെ ജോബിന്‍ വെറുത്തിരുന്നു. ഇക്കാര്യം കൂട്ടുകാരോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പതിവിന് വിപരീതമായി അടുത്ത കാലത്തായി ജോബിനോട് ഷാജി സ്‌നേഹത്തോടെ പെരുമാറുന്നതായും പുഴയും കാടും കാട്ടിത്തരാമെന്ന് പറഞ്ഞ് ജോബിന്‍ സഹപാഠികളെ സന്തോഷത്തോടെ അറിയിച്ചിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഞായറാഴ്ച വീട്ടിലാരും അറിയാതെ മകനേയും കൂട്ടി ഷാജി വീട് വിട്ട് ഇറങ്ങിയത്. ജോബിന്റെ മരണത്തിന്റെ കാരണം ഈ യാത്രയാകാമെന്ന് നാട്ടുകാരും കൂട്ടുകാരും കരുതുന്നു. വിഷം അകത്ത് കടന്നതാകാം മരണകാരണമെന്ന് സംശയം ഉയര്‍ന്നെങ്കിലും പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ ഇത് വ്യക്തമാക്കപ്പെട്ടില്ല.

ജോബിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലവും പരിസരവും നാട്ടുകാരും പൊലീസും അരിച്ചുപെറുക്കിയെങ്കിലും ഷാജിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ സംഭവത്തിന്റെ ദുരൂഹത ഏറുകയാണ്. കാനംവയല്‍ സ്വദേശി ആന്‍സിയാണ് ഷാജിയുടെ ഭാര്യ. കൂലിത്തൊഴിലാളിയായ ഷാജിയും കുടുംബവും ജോസ്ഗിരി ടൗണില്‍ തന്നെയാണ് താമസിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോബിന് നേരിട്ട ദുരന്തത്തില്‍ സ്തംഭിച്ചിരിക്കുകയാണ് നാട്ടുകാര്‍. മകനേയും കൂട്ടി രാത്രിയില്‍ സ്ഥലം വിട്ടത് എന്തിനെന്ന കാര്യവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഷാജി എവിടെയെന്ന അന്വേഷണത്തിലാണ് പൊലീസും നാട്ടുകാരും. കൃത്യം നിര്‍വ്വഹിച്ചത് ഷാജിയാണെന്ന വിശ്വാസം മലയോരമേഖലയായ ജോസ് ഗിരിയില്‍ ദൃഢമായിരിക്കയാണ്.

ജോസ്ഗിരിയിലെ സെന്റ്‌ജോസഫ് സ്‌ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ് ജോബിന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.