ബ്രിട്ടീഷ് പൗരത്വമുള്ള ഗിനിയന്‍ വംശജനായ ആറു വയസുകാരന് ഹോളിഡേയ്ക്ക് ശേഷം യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ഹോം ഓഫീസ്. 2012ല്‍ ലീഡ്‌സില്‍ ജനിച്ച മുഹമ്മദ് ബറാക്ക് ഡയലോ ബന്‍ഗോറ എന്ന കുട്ടിക്കാണ് ബ്രസല്‍സില്‍ നിന്ന് യുകെയിലേക്ക് മടങ്ങുമ്പോള്‍ യുകെയില്‍ പ്രവേശിക്കാനാകില്ലെന്ന അറിയിപ്പ് ലഭിച്ചത്. സ്‌കൂള്‍ ഹോളിഡേ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച ശേഷം മടങ്ങുമ്പോള്‍ ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തില്‍ വെച്ചാണ് തന്റെ പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥര്‍ മുഹമ്മദിനെ അറിയിച്ചത്. ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് പറഞ്ഞു. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന വിദ്വേഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ അനന്തരഫലമാണ് ഈ കുട്ടി അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മയായ ഹവ കെയ്റ്റയ്ക്ക് കുട്ടിയുടെ പൗരത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹോം ഓഫീസ് പറയുന്നത്. കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത് തെറ്റായാണെന്നും അത് റദ്ദാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഷെഫീല്‍ഡില്‍ താമസിക്കുന്ന ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെയ്റ്റ പറഞ്ഞു. ബ്രസല്‍സില്‍ തന്റെ മകന്റെ യാത്ര തടഞ്ഞത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഇമെയില്‍ ഹോം ഓഫീസ് നല്‍കിയതായും അവര്‍ പറഞ്ഞു. കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹോം ഓഫീസ് അറിയിക്കുന്നത്. കെയ്റ്റ വിവാഹം ചെയ്തയാള്‍ കുട്ടി ജനിച്ച സമയത്ത് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം നേടിയിട്ടില്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1983ലെ നിയമ ഭേദഗതിയനുസരിച്ച് മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ളവരാണെങ്കിലോ, രാജ്യത്ത് സ്ഥിരതാമസത്തിന് അനുവാദമുണ്ടെങ്കിലോ മാത്രമേ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിക്കാന്‍ കഴിയൂ. യാത്ര നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ബ്രസല്‍സിലെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം തുടരുകയാണെന്ന് കെയ്റ്റ പറഞ്ഞു. കുട്ടിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ താമസിക്കുകയായിരുന്ന കെയ്റ്റയ്ക്ക് അതുകൊണ്ടുതന്നെ ഇപ്പോള്‍ ബ്രസല്‍സിലേക്ക് യാത്ര ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.