ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം ക്രിസ്മസ് ഡിന്നർ കഴിച്ചത് മൂലം നട്സ് അലർജി ഉണ്ടായി മരണപ്പെട്ട പന്ത്രണ്ടുവയസ്സുകാരൻ കേസൺ ഹാൾവുഡിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയായി. വിൻസ്ഫോർഡിൽ നിന്നുള്ള കേസൺ കഴിഞ്ഞ ക്രിസ്മസ് കാലത്ത് കൂട്ടുകാരോടൊപ്പം വാർട്ടൻ റിക്രിയേഷൻ പാർക്കിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഖമില്ലാതായത്. ആസ്മയും, നട്സ് അലർജിയുമുള്ള കുട്ടി ക്രിസ്മസ് ഡിന്നർ കഴിച്ച ശേഷമാണ് സുഖമില്ലാതായത്. കുട്ടിയുടെ മുത്തശ്ശൻ ആൽബർട്ട് കുട്ടിയുടെ അലർജി ഓർമ്മിക്കാതെ, ഭക്ഷണത്തിൽ നട്ട്സ് ഉൾപ്പെടുത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വിചാരണയിൽ ആൽബർട്ട് തനിക്ക് സംഭവിച്ച മറവി ഏറ്റുപറഞ്ഞു. പാർക്കിൽ കുഴഞ്ഞുവീണ കുട്ടിയുടെ അടുത്തേക്ക് ഉടൻതന്നെ പാരാമെഡിക്കൽ സംഘമെത്തിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.


സീനിയർ പോലീസ് ഓഫീസർ ചെഷ്യർ അലൻ മൂറിനു കുട്ടിയുടെ മാതാവ് ലൂയിസ് നൽകിയ വിവരണത്തിൽ, 2.25ന് ആണ് ഏകദേശം തങ്ങൾ ഭക്ഷണം കഴിക്കുവാൻ ഇരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം കൂട്ടുകാരോടൊപ്പം കളിക്കാനായി കേസൺ പോവുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇരുപതു മിനിറ്റിനു ശേഷം കേസണിനു സുഖം ഇല്ലാതായി എന്ന ഫോൺ കോൾ തനിക്ക് വന്നതായും അവർ പറഞ്ഞു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കേസണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് വന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM

പോലീസ് അധികൃതർക്ക് നൽകിയ റിട്ടൻ സ്റ്റേറ്റ് മെന്റിൽ തന്റെ മകളായ ലൂയിസിനെയും കൊച്ചുമക്കളെയും ക്രിസ്മസ് കാലത്ത്‌ താനാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ആൽബർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആഹാരം ഉണ്ടാക്കിയപ്പോൾ കേസണിനു നട്സ് അലർജി ഉണ്ടെന്ന് ഓർമിക്കാതെ, ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അനാഫൈലാറ്റിക് ആസ്തമ മൂലമാണ് കേസൺ മരണപ്പെട്ടത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.