കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സംഭവത്തേത്തുടർന്ന് വൈറ്റില, പാലാരിവട്ടം മേഖലകളിൽ പുക നിറഞ്ഞു. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലർച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.
പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാൻ വേണ്ടി ആരെങ്കിലും മനപ്പൂർവം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയർ പറഞ്ഞു.
സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും സൗമിനി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്.കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുർഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂർണമായും അണച്ചത്.











Leave a Reply