വണ്ണം കുറയ്ക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ബെറിയാട്രിക് ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഭക്ഷണം കുറച്ചു കഴിക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ഇടുകയോ ഇനി വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതവണ്ണവും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹോര്‍മോണ്‍ ചികിത്സ വരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടന്ന ട്രയലുകളില്‍ മാസത്തിലൊരിക്കല്‍ എടുക്കുന്ന കുത്തിവെയ്പ്പിന് വിധേയരായവര്‍ പിന്നീട് 30 ശതമാനം കുറവ് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്ന് വ്യക്തമായി.

പ്രമേഹ മരുന്നുകളില്‍ നിന്ന് പോലും ചിലര്‍ മോചിതരായി. 20 പേരാണ് ട്രയലില്‍ പങ്കെടുത്തത്. മൂന്ന് ഹോര്‍മോണുകളാണ് ഇവര്‍ 28 ദിവസത്തെ ഇടവേളകളില്‍ സ്വീകരിച്ചത്. ഇതിനു ശേഷം ഇവര്‍ക്ക് 2 കിലോ മുതല്‍ 8 കിലോ വരെ ഭാരം കുറഞ്ഞെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വഴി കുറയുന്നതിനേക്കാള്‍ ഭാരം കുറയ്ക്കാന്‍ ഈ രീതിയിലൂടെ സാധിച്ചുവെന്നാണ് വ്യക്തമായത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കുത്തിവെയ്പ്പ് ബെറിയാട്രിക് സര്‍ജറിയേക്കാള്‍ ഫലപ്രദമായി രോഗികളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച ഇംപീരിയല്‍ കോളേജിലെ ഡയബറ്റിസ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം തലവന്‍ പ്രൊ. സര്‍. സ്റ്റീവ് ബ്ലൂം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമിതവണ്ണം സമൂഹത്തില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആര്‍ത്രൈറ്റിസ് കൂടിയുണ്ടെങ്കില്‍ ഇത് കൂടുതല്‍ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കുകയാണ് ഈ ഹോര്‍മോണ്‍ ചികിത്സയിലൂടെ ചെയ്യുന്നത്. ഗവേഷണ ഫലം ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ സംഘം.