ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.
Leave a Reply