ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ റോഡ് സുരക്ഷാ നിയമങ്ങളിൽ വൻ പരിഷ്‌കരണത്തിന് സർക്കാർ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മദ്യപിച്ച് വാഹനമോടിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ വീണ്ടും ഡ്രൈവിങ് അനുവദിക്കപ്പെടുന്നതിന് കാറുകളിൽ ബ്രത്ത് അലൈസർ ഉപകരണങ്ങൾ (അൽക്കോലോക്ക്) ഘടിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലാണ്. ഡ്രൈവർ ശ്വാസപരിശോധന പാസായാൽ മാത്രമേ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയൂ എന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത . ഓസ്ട്രേലിയ, ബെൽജിയം, കാനഡ, നെതർലാൻഡ്സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം നടപ്പാക്കിയിട്ടുള്ള ഈ സംവിധാനം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കി.

ഇംഗ്ലണ്ട്, വെയിൽസ് മേഖലകളിൽ മദ്യപിച്ച് ഡ്രൈവ് ചെയ്യാനുള്ള പരിധി കുറയ്ക്കുന്നതിനെ കുറിച്ചും സർക്കാർ പൊതുആലോചന ആരംഭിക്കും. നിലവിൽ 100 മില്ലി ലിറ്റർ ശ്വാസത്തിൽ 35 മൈക്രോഗ്രാം ആൽക്കഹോളാണ് അനുവദനീയമായ പരിധി. യൂറോപ്പിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ് ‘ഇത് . സ്കോട്ട് ലൻഡിലെ മാതൃകയിൽ 22 മൈക്രോഗ്രാമാക്കി കുറയ്ക്കാനാണ് നീക്കം. കൂടാതെ 70 വയസിന് മുകളിലുള്ള ഡ്രൈവർമാർക്ക് നിർബന്ധിത കാഴ്ച പരിശോധന, ലേണർ ഡ്രൈവർമാർക്ക് ആറുമാസം വരെ നിർബന്ധിത പരിശീലനകാലം, വ്യാജ നമ്പർപ്ലേറ്റുകൾക്കെതിരെ കർശന നിയമങ്ങൾ തുടങ്ങിയവയും പരിഗണനയിലുണ്ട്. മദ്യമോ മയക്കുമരുന്ന് ഉപയോഗമോ കണ്ടെത്തിയാൽ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാനുള്ള അധികാരവും മന്ത്രിമാർ പരിശോധിക്കും.

രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ. 2023ൽ റോഡ് അപകട മരണങ്ങളിൽ ആറിലൊന്ന് മദ്യപിച്ച ഡ്രൈവർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കണക്ക്. യുവ ഡ്രൈവർമാർക്കിടയിൽ മദ്യപിച്ച് ഡ്രൈവിങ് സാമൂഹികമായി അംഗീകരിക്കപ്പെടുന്ന പ്രവണതയുണ്ടെന്ന സർവേ ഫലവും സർക്കാരിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നടപ്പിലാക്കിയാൽ അടുത്തയിടെ കൊണ്ടുവരുന്ന ഏറ്റവും വലിയ റോഡ് സുരക്ഷാ നിയമപരിഷ്‌കരണമായിരിക്കും ഇതെന്നാണ് സർക്കാർ വിലയിരുത്തുന്നത്.











Leave a Reply