മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെടാന്‍ സാധ്യതയേറിയതോടു കൂടി ബ്രിട്ടന്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലേബര്‍ പാര്‍ട്ടിയും ഭരണപക്ഷത്തെ വിമതരും ബ്രെക്‌സിറ്റ് ബില്ലിനെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ്. പാര്‍ലമെന്റില്‍ ബില്ല് പരാജയപ്പെടുന്ന പക്ഷം പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരും. പ്രധാനമന്ത്രി രാജിവെച്ചാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനു വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധി പൗണ്ടിന്റെ മൂല്യത്തെ സാരമായി ബാധിക്കും.

ഇതിനിടയില്‍ ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ ഉടമ്പടികളില്ലാതെയുള്ള ബ്രെക്‌സിറ്റ് എന്ന് ശക്തമായ നീക്കം നടത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇതിലൂടെ ബ്രിട്ടന്‍ കണ്ട ഉരുക്കുവനിതയായ മാര്‍ഗരറ്റ് താച്ചറിനേക്കാള്‍ ശക്തയായ വനിതാ പ്രധാനമന്ത്രിയായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുവാന്‍ സാധിക്കുമെന്നാണ് തെരേസ മേയുടെ കണക്കുകൂട്ടല്‍.

നോഡീല്‍ ബ്രെക്‌സിറ്റ് എന്ന കടുത്ത തീരുമാനം ഉണ്ടായാല്‍ ബ്രിട്ടീഷ് പൗരന്റെ സാധാരണ ജീവിതം സുഗമമാക്കാനും സര്‍വീസ് മേഖലയിലും മറ്റും ഉരുത്തിരിയുന്ന പ്രതിസന്ധി പരിഹരിക്കാനും മിലിട്ടറിയുടെ സഹായം തേടാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകളും കൂടിയാലോചനകളും പലതലങ്ങളിലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌