നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി റിബല്‍ എംപിമാര്‍. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി റിബലുകളാണ് സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി എംപിമാര്‍ വോട്ടിനിട്ട് പാസാക്കി. 303നെതിരെ 296 വോട്ടുകള്‍ക്കാണ് ഇത് പാസായത്. റിബല്‍ നീക്കം ഗവണ്‍മെന്റിന് കാര്യമായ ഭീഷണി സൃഷ്ടിക്കില്ലെങ്കിലും ഇതിനെ സുപ്രധാന ചുവടുവെയ്പ്പ് എന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രെക്‌സിറ്റ് അനുകൂലികളും പറയുന്നു.

യിവറ്റ് കൂപ്പര്‍ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി മുന്‍ ക്യാബിനറ്റ് മിനിസ്റ്റര്‍ മൈക്കിള്‍ ഫാലന്‍, ജസ്റ്റിന്‍ ഗ്രീനിംഗ്, ഡൊമിനിക് ഗ്രീവ്, കെന്‍ ക്ലാര്‍ക്ക്, സര്‍ ഒലിവര്‍ ലെന്റ്വിന്‍വെയര്‍ തുടങ്ങിയവരുള്‍പ്പെടെ 20 ടോറികളാണ് പിന്തുണ നല്‍കിയത്. ബ്രെക്‌സിറ്റില്‍ ഇതുവരെ ഗവണ്‍മെന്റിന് അനുകൂലമായ നിലപാടുകള്‍ മാത്രം എടുത്തിട്ടുള്ളയാളാണ് സര്‍ ഒലിവര്‍. അടുത്തയാഴ്ചയാണ് ബ്രെക്‌സിറ്റ് ഡീലില്‍ വോട്ടിംഗ് നടക്കുന്നത്. തെരേസ മേയ്ക്ക് എതിരായി വോട്ടു ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന എംപിമാര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഈ നീക്കത്തിലൂടെ താന്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രിക്ക് എതിരായി വോട്ടു ചെയ്യുന്നവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ച്ച് 29ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റുണ്ടാകാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തില്‍ അന്ത്യം വരെ താന്‍ ഉണ്ടാകുമെന്നും മുതിര്‍ന്ന ടോറി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. നോ-ഡീല്‍ ബ്രെക്‌സിറ്റ് തടയുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.