ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷം യുകെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി തുടരേണ്ട നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങളായി. വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ കൂടാതെ ഭാവിയിലെ യുകെയിലേക്ക് തൊഴിലെടുക്കാനും പഠനത്തിനുമായി എത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ നിയന്ത്രിക്കേണ്ടതില്ലെന്നും കാബിനറ്റ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. സമീപകാലത്ത് പല മേഖലകളില്‍ നിന്നും ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കുന്നതാണ് പുതിയ യോഗ തീരുമാനങ്ങള്‍. കാബിനറ്റ് അംഗങ്ങള്‍ പ്രധാനമന്ത്രി തെരേസ മെയ്‌ന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 12 മണിക്കൂറോളം നീണ്ട യോഗം യൂറോപ്യന്‍ യൂണിയനുമായ സുതാര്യവും ശക്തവുമായ ബന്ധം നിലനിര്‍ത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനുമായി കൂടിച്ചേര്‍ന്ന കസ്റ്റംസ് ടെറിറ്ററി ആവശ്യമാണെന്ന് യോഗത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. ബ്രക്‌സറ്റിന് അനുകൂലിക്കുന്ന ടോറികള്‍ പുതിയ തീരുമാനങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെ-ഇ.യു ബന്ധം പഴയതുപോലെ നിലനിര്‍ത്തേണ്ടതില്ലെന്ന് വാദിക്കുന്നവരും യോഗ തീരുമാനങ്ങളെ എതിര്‍ത്ത് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ.യു വുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുതിയ യോഗതീരുമാനങ്ങള്‍ കാരണമാകും എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് ബന്ധങ്ങള്‍ ഉണ്ടാവുകയെന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യത കൈവന്നിട്ടില്ല. ഇ.യുവുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വാദിച്ചു. യോഗത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും സമാന അഭിപ്രായം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഇക്കാര്യങ്ങള്‍ തെരേസ മെയ് സ്വന്തം പാര്‍ട്ടിയെയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും ബോധ്യപ്പെടുത്തേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും റിപ്ലബിക് ഓഫ് അയര്‍ലണ്ടിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വളരെ ഗൗരവത്തോടെ ഇക്കാര്യത്തെ നോക്കികാണണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടു. ഇ.യുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കരാര്‍ രൂപരേഖ ഒക്ടോബര്‍ ആദ്യത്തോടെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നില്ലെങ്കിലും 2019 മാര്‍ച്ചോടു കൂടി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.