ബ്രിട്ടീഷ് നിര്‍മിത കാര്‍ പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതായി സൂചന. ബ്രെക്‌സിറ്റ് മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്ന് യൂണിപാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ നെയില്‍ പറഞ്ഞു. കസ്റ്റംസ് യൂണിയനില്‍ നിന്നു കൂടി പിന്‍മാറുമെന്ന തെരേസ മേയുടെ പ്രഖ്യാപനം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍. ലോകമൊട്ടാകെ ബാധകമായ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഉല്‍പ്പന്നത്തിന്റെ 55 ശതമാനം ഭാഗങ്ങളും അതാത് പ്രദേശത്ത് നിര്‍മിച്ചവയാകണമെന്ന നിബന്ധനയുണ്ട്.
ബ്രിട്ടന്‍ യൂണിയന് പുറത്തു പോകുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ ഈ നിബന്ധന മൂലം സാധിക്കില്ല. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ കസ്റ്റംസ് ഏരിയയുടെ ഭാഗമല്ലാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വ്യവസായികള്‍ക്ക് ബ്രസല്‍സ് ഉപദേശം നല്‍കിയെന്നും വിവരമുണ്ട്. അതേസമയം ബ്രിട്ടീഷ് കാര്‍ വ്യവസായ മേഖലയിലും ഇതേ നിബന്ധന പ്രതിസന്ധിയുണ്ടാക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
യുകെ കാര്‍ വ്യവസായ മേഖലയില്‍ ആഭ്യന്തരമായി 25 ശതമാനം പാര്‍ട്ടുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു. മറ്റു കംപോണന്റുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ് വരുന്നത്. നിലവില്‍ അത് ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതു പോലെ ആയാസരഹിതമാണ്. പക്ഷേ ബ്രെക്‌സിറ്റിനു ശേഷം ഇവ ഇറക്കുമതി ചെയ്യേണ്ടി വരികയാണ്. ഇത് സ്വതന്ത്ര വ്യാപാരക്കരാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നും ജോണ്‍ നെയില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സാധ്യതകളെക്കുറിച്ച് തങ്ങള്‍ മിനിസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ബിബിസി റേഡിയോ 4ന്റെ ദി വേള്‍ഡ് അറ്റ് വണ്‍ പരിപാടിയില്‍ പറഞ്ഞു.
Leave a Reply