ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ ബ്രിട്ടനുമായി ഉഭയകക്ഷി വ്യാപാരക്കരാറിലേര്‍പ്പെടാന്‍ തിടുക്കമില്ലെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്‌വര്‍ദ്ധന്‍ സിന്‍ഹ. ഒരു രാത്രികൊണ്ട് തയ്യറാക്കാവുന്ന കരാറല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ഉരസലുകള്‍ക്ക് പരിഹാരമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകള്‍ സ്ഥാപിക്കുന്നതിനാണ് ബ്രിട്ടനും ബ്രെക്‌സിറ്റ് അനുകൂലികളും ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന നിലപാട്.
അതേസമയം ബ്രിട്ടീഷ് ആശയത്തിന് പ്രതീക്ഷ പകരുന്ന ഒരു നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. കരാറിനൊപ്പം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് തിരക്കുകളൊന്നുമില്ല. ഒരു മികച്ച കരാറിലെത്തിച്ചേരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുതന്നെയായിരിക്കും ബ്രിട്ടന്റെ പ്രതീക്ഷയെന്നും സിന്‍ഹ പൊളിറ്റിക്കോ യൂറോപ്പ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി 2007 മുതല്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.
രാജ്യത്തിന്റെ മുഖ്യ വ്യാപാര പങ്കാളിയും ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനാണ്. യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ജപ്പാനും അറിയിച്ചിരുന്നു. ഇതു കൂടാതെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായും കരാറുളിലേര്‍പ്പെടാനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടനേക്കാള്‍ മുന്നില്‍ ഇവരുമായി ചര്‍ച്ചകള്‍ക്കും യൂണിയന്‍ തുടക്കമിട്ടു കഴിഞ്ഞു.
Leave a Reply