ബ്രെക്‌സിറ്റ് ഡീലില്‍ സമവായത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ നേതൃത്വവുമായി നടന്ന ചര്‍ച്ച നീണ്ടത് നാലര മണിക്കൂര്‍. രണ്ടു ദിവസമായാണ് ചര്‍ച്ച നടന്നത്. ലേബറുമായുള്ള ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതു വിധത്തിലുള്ള ഡീലിനും ഒരു സ്ഥിരീകരണ ഹിതപരിശോധന എന്ന ആശയം ചര്‍ച്ച ചെയ്തുവെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് ബുധനാഴ്ച പിന്തുണ നല്‍കിയിരുന്നു. ഈ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പൊതുവായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നതു വരെ ഇതിന്‍മേല്‍ ലോര്‍ഡ്‌സ് വിശദമായി ചര്‍ച്ച നടത്തില്ലെന്നാണ് വിവരം. എന്തായാലും തിങ്കളാഴ്ച വരെ അതുണ്ടാവില്ല.

ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ കെയിര്‍ സ്റ്റാമര്‍ തയ്യാറായില്ല. ഗവണ്‍മെന്റുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും വീണ്ടും ചര്‍ച്ചക്കായി ഇരു പക്ഷവും യോഗം ചേരുമെന്നും ലേബര്‍ വക്താവ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും സംഘങ്ങള്‍ ക്യാബിനറ്റ് ഓഫീസില്‍ നാലര മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സിവില്‍ സര്‍വീസ് പിന്തുണയോടെയായിരുന്നു ചര്‍ച്ചകളെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍, ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി തുടങ്ങിയവരായിരുന്നു ലേബര്‍ സംഘത്തിലുണ്ടായിരുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച തെരേസ മേയും ജെറമി കോര്‍ബിനു തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ ചര്‍ച്ചകള്‍. ഏപ്രില്‍ 12ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണം. എന്നാല്‍ ഇതുവരെ ഒരു ഡീല്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. കോമണ്‍സില്‍ ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം പരാജയമാകുകയായിരുന്നു. ലേബറിന്റെ യിവറ്റ് കൂപ്പര്‍ മുന്നോട്ടു വെച്ച ബാക്ക്‌ബെഞ്ച് ബില്‍ അപ്രതീക്ഷിത നോ-ഡീലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി അതിനിടെ മിനിസ്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍സില്‍ ബുധനാഴ്ച ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ബില്‍ പാസായത്.