ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് രാജ്യത്തെ വലിയൊരു ഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് സര്‍വേ. ബ്രെക്‌സിറ്റില്‍ നിര്‍ണ്ണായകമായ വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ സര്‍വേയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ 52 ശതമാനം പേര്‍ അനുകൂലിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിനു വേണ്ടി ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ മുതല്‍ യൂറോപ്പ് അനുകൂലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റിന്റെ സങ്കീര്‍ണ്ണതയും യാഥാര്‍ത്ഥ്യവും വ്യക്തമായതോടെ ഡിസംബറിലാണ് മിക്കയാളുകളും അഭിപ്രായത്തില്‍ നിന്ന് മാറിയത്.
പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍മാറ്റ കരാര്‍ വളരെ മോശം എന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ് പകുതിയോളം പേര്‍. ചൊവ്വാഴ്ച കോമണ്‍സില്‍ വോട്ടിനെത്തുമ്പോള്‍ എംപിമാര്‍ ഈ ധാരണ തള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യമൊട്ടാകെ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങള്‍ സമയം മെനക്കെടുത്തലാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പുറത്തു കൊണ്ടുവരാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂ. ഒരു രണ്ടാം ഹിതപരിശോധനയോ നോര്‍വേ മോഡലിലുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സര്‍വേയില്‍ പങ്കെടുത്തവര്‍ നടത്തുന്നു.
നോര്‍വേ മാതൃകയെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ആംബര്‍ റൂഡ് സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രി പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. പിന്മാറ്റ ബില്‍ കോമണ്‍സ് തള്ളിയാല്‍ ബ്രസല്‍സ് വീണ്ടും ചര്‍ച്ചക്ക് സന്നദ്ധരാകുമെന്നും അതിലൂടെ കൂടുതല്‍ ഇളവുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി പറഞ്ഞു.
Leave a Reply