ബ്രെക്‌സിറ്റ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് കൊണ്ടുവന്ന ഉടമ്പടി പാര്‍മെന്റ് തള്ളുകയും ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമാണ്. ബ്രെക്‌സിറ്റ് ഡീല്‍ രണ്ടാമത് വോട്ടെടുപ്പ് നാളെ നടക്കും. ഈ വോട്ടിലും മേയ് പരാജയപ്പെട്ടാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും നടപ്പാകുക എന്ന ആശങ്ക ശക്തമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനൊപ്പം യുകെയില്‍ സൈനിക നിയമം കൂടി നടപ്പാക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. നോ ഡീല്‍ നടപ്പായാല്‍ ഉണ്ടാകാവുന്ന എതിര്‍പ്പുകളും അരാജകത്വവും കൈകാര്യം ചെയ്യാന്‍ സൈനിക നിയമം നടപ്പാക്കാന്‍ 2004ലെ സിവില്‍ കണ്ടിന്‍ജെന്‍സീസ് ആക്ട് അനുവദിക്കുമോ എന്ന് വൈറ്റ്ഹാള്‍ അധികൃതര്‍ പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കര്‍ഫ്യൂ, ഗതാഗത നിരോധനം, സ്വത്ത് കണ്ടുകെട്ടല്‍, കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങിയവയ്ത്ത് ഈ നിയമം അനുമതി നല്‍കുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കൂടാതെ മനുഷ്യാവകാശ സംരക്ഷണ നിയമം ഒഴികെയുള്ള പാര്‍ലമെന്റിന്റെ ഏത് ആക്ടും 21 ദിവസത്തേക്ക് മരവിപ്പിക്കാനും ഈ നിയമം അനുമതി നല്‍കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ സൈന്യത്തിന് നിയന്ത്രണം നല്‍കുന്ന നിയമമാണ് സൈനിക നിയമം. അടിയന്തരാവസ്ഥകള്‍, സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുക, വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തുടങ്ങിയ ഘട്ടങ്ങളിലാണ് ഈ നിയമം നടപ്പാക്കാറുള്ളത്.
2000ത്തിലുണ്ടായ പ്രളയം, 2001ലുണ്ടായ ഫുട്ട് ആന്‍ഡ് മൗത്ത് രോഗ വ്യാപനം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പഴയ നിയമം മതിയാകാതെ വന്നതോടെ 2004ല്‍ ടോണി ബ്ലെയര്‍ ഗവണ്‍മെന്റ് നടപ്പാക്കിയതാണ് സിവില്‍ കണ്ടിന്‍ജന്‍സീസ് ആക്ട് 2004. നോ ഡീല്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകാനിടയുള്ള മരുന്ന്, ഭക്ഷ്യ ക്ഷാമത്തില്‍ മരണങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. അത്തരമൊരു ഘട്ടത്തില്‍ സൈനിക നിയമം നടപ്പാക്കേണ്ടി വരുമെന്നാണ് ആശങ്ക. നോ ഡീല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ യെല്ലോഹാമര്‍ പ്ലാനിംഗുകളുടെ ഭാഗമായാണ് സൈനിക നിയമം നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നത്.
Leave a Reply