ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ജൂണ്‍ 19ന് ഔദ്യോഗികമായി ആരംഭിക്കും. യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ചര്‍ച്ചകളിലൊന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നതിനായുള്ള ചര്‍ച്ച. ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനു ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന ആളുമായി ബാര്‍ണിയര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 15 മാസത്തോളം ഈ ചര്‍ച്ചകള്‍ നീളുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ കമ്മീഷനാണ് ബാര്‍ണിയറുടെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ഈ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ രൂപരേഖയും തിയതികളേക്കുറിച്ചുള്ള വിവരങ്ങളും കഴിഞ്ഞയാഴ്ച സംഘെ ബ്രസല്‍സില്‍ അവതരിപ്പിച്ചു. യൂണിയന്റെ ബജറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൈമാറിയിട്ടില്ല. അഭയാര്‍ത്ഥി പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് യുകെ വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് ബ്രെക്‌സിറ്റില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു മുമ്പായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രാഥമിക ചര്‍ച്ചകള്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂണ്‍ 8ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി തീരുമാനങ്ങള്‍ ഉണ്ടാകുന്നത് പെരുമാറ്റച്ചട്ടത്തെ ബാധിക്കുമെന്ന നിലപാടും ബ്രിട്ടന്‍ സ്വീകരിച്ചു. ഇതോടെ എല്ലാ നീക്കങ്ങളും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ പ്രാഥമികമായ കാര്യങ്ങളില്‍ പോലും ധാരണയില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ക്കു തൊട്ടു മുമ്പായി കുറച്ചു സമയം നഷ്ടമാകാനുള്ള സാധ്യതയും തുറക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.