യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ പ്രവേശിക്കണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കേണ്ടി വരും. ടെലഗ്രാഫാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുറത്തിറക്കാനിരിക്കുന്ന മൈഗ്രേഷന്‍ ധവളപത്രത്തില്‍ ഇതു സംബന്ധിച്ച് നിര്‍ദേശമുണ്ടെന്നാണ് വിവരം. ധവളപത്രം വൈകുന്നത് ക്യാബിനറ്റില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പദ്ധതികള്‍ പുറത്തു വിട്ടേക്കും. അഞ്ചു വര്‍ഷത്തെ വിസയില്‍ യൂറോപ്പില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ ജീവനക്കാര്‍ യുകെയില്‍ എത്തണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുള്ള ജോലി ലഭിച്ചതായി കാണിക്കണം.
അതേസമയം ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിസ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ജോലിയുണ്ടായിരിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ രാജ്യം വിടണം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ തിരികെ വരാന്‍ സാധിക്കുകയുള്ളു. കോമണ്‍സില്‍ അവതരിപ്പക്കപ്പെട്ടപ്പോള്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പിന്താങ്ങിയ ബില്ലാണ് ഇത്. 2020 ഡിസംബറിനു ശേഷം മാത്രമേ ഇത് നിലവില്‍ വരികയുള്ളു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി ബില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു.
പുതിയ സംവിധാനം വൈദഗ്ദ്ധ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഹോം സെക്രട്ടറി ബിബിസിയോട് പറഞ്ഞിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കിടയില്‍ നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ഇത്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും വ്യക്തികളും സ്ഥാപനങ്ങളുമായി സംസാരിക്കുകയുമാണ് ചെയ്യുന്നതെന്നും സാജിദ് ജാവീദ് വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയിലും ശമ്പള പരിധി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തെരേസ മേയ് പറഞ്ഞിരുന്നു.
Leave a Reply