ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ താന്‍ നിര്‍ദേശിച്ച പൊതു വിപണിയെന്ന ആശയത്തിനെതിരെ എംപിമാര്‍ വോട്ടു ചെയ്തതിനാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിടുകയാണെന്ന് നിക്ക് ബോള്‍സ് എംപി. എല്ലാ എംപിമാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബ്രെക്‌സിറ്റ് പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ തനിക്കു കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ താന്‍ ഒരു പരാജയമാണെന്ന് വ്യക്തമായെന്നും ബോള്‍സ് എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയും രാഷ്ട്രീയ യോജിപ്പും സംരക്ഷിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരാനുള്ള ശ്രമമാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടു വെച്ചുകൊണ്ട് താന്‍ ശ്രമിച്ചത്. അതിനായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള പരിശ്രമം താന്‍ നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നു. തന്റെ പാര്‍ട്ടി തന്നെ പദ്ധതിയെ നിരസിച്ചതാണ് പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ക് പുറത്തു പോകരുതെന്ന് ഒരു എംപി മാത്രമാണ് ഈയവസരത്തില്‍ വിളിച്ചു പറഞ്ഞത്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി തുടരുന്ന ബന്ധം ഏതു വിധത്തിലായിരിക്കണമെന്ന് എംപിമാര്‍ക്ക് നിര്‍ദേശിക്കാനും അതിന്‍മേല്‍ വോട്ടിംഗിനുമുള്ള അവസരമായിരുന്നു ഇന്നലെ കോമണ്‍സിലുണ്ടായിരുന്നത്. ഗ്രാന്‍ഥാം ആന്‍ഡ് സ്റ്റാംഫോര്‍ഡ് എംപിയായ ബോള്‍സിന്റെ കോമണ്‍ മാര്‍ക്കറ്റ് എന്ന നിര്‍ദേശം 261നെതിരെ 282 വോട്ടുകള്‍ക്കാണ് കോമണ്‍സ് തള്ളിയത്. നോര്‍വേ മാതൃകയലില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗത്വവും യൂറോപ്യന്‍ യൂണിയനുമായി കസ്റ്റംസ് അറേഞ്ച്‌മെന്റും വിഭാവനം ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

പാര്‍ട്ടി വിടാനുള്ള ബോള്‍സിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നായിരുന്നു മുന്‍ അറ്റോര്‍ണി ജനറലും റിമെയിന്‍ പക്ഷക്കാരനുമായ ഡൊമിനിക് ഗ്രീവ് പറഞ്ഞത്. നിക്ക് ബോള്‍സിനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യ രീതിയിലുള്ള വോട്ടിംഗിന്റെ ഫലത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്ന് നിഗല്‍ ഫരാഷും പറഞ്ഞു.