മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 6555 ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ നാടുകള്‍ തേടി പോയിട്ടുണ്ട്.2015ല്‍ ഇത് 2478 പേര്‍ മാത്രമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി യൂറോസ്റ്റാറ്റാണ് ഈ വിവരം പുറത്തു വിട്ടത്. പൗരത്വത്തിനായി ജര്‍മനിയെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. 2702 പേര്‍ ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലേക്ക് 517 പേരും ബെല്‍ജിയം പൗരത്വം സ്വീകരിച്ച് 506 പേരും പോയിട്ടുണ്ട്.

സൈപ്രസ്, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ബ്രിട്ടീഷുകാര്‍ ചേക്കേറിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സോഡസ് എന്നാണ് ഈ കൂട്ടപ്പലായനത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്രെക്‌സിറ്റ് അടുക്കുന്നതോടെ പലായനം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അനുകൂല സംഘടനയായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ ക്യാംപെയിന്‍ വക്താവ് പോള്‍ ബട്ടേഴ്‌സ് പറഞ്ഞു. ബ്രെക്‌സിറ്റോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നതെന്നും ഡേവിഡ് ഡേവിസ് ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നും ബട്ടേഴ്‌സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് തങ്ങളുടെ സ്വത്വത്തിന്റെ പാതിയായ പൗരത്വം ഉപേക്ഷിച്ച് അപരദേശങ്ങള്‍ തേടുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പതിനായിരക്കണക്കിന് ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബട്ടേഴ്‌സ് കുറ്റപ്പെടുത്തി. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് യൂറോപ്യന്‍ പൗരത്വം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.