ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തന്നെ പിന്തുണയ്ക്കാനുള്ള അവസാന അവസരമാണിതെന്ന് എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. വിഷയത്തില്‍ എം.പിമാര്‍ അതീവ ഗൗരവമേറിയ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും ഭൂരിപക്ഷം നേടാന്‍ തനിക്ക് സാധിക്കുമെന്നും മേ പറഞ്ഞു. നേരത്തെ എം.പിമാര്‍ തള്ളിയ കരട് രേഖയില്‍ നിന്നും നിരവധി മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് പുതിയ നയരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് മേ അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ അവകാശം, നോര്‍ത്തേണ്‍ ഐറിഷ് ബോര്‍ഡര്‍ പ്രശ്‌നം, കസ്റ്റംസ് നിയമങ്ങളിലെ ഇളവ് തുടങ്ങി നേരത്തെ എം.പിമാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളെയും ഉള്‍കൊള്ളിച്ചാണ് പുതിയ നയരേഖയെന്ന് മേയുമായി അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കുന്നുണ്ട്.

വിവാദവിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. കരട് രേഖ പാസായില്ലെങ്കില്‍ മേയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. പ്രധാനമന്ത്രി പദം രാജിവെക്കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്ക് മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ കണ്‍സര്‍വേറ്റീവ് എം.പിമാരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനുള്ള കരുനീക്കങ്ങളിലാണ് മേ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസാ മേയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബെയ്ന്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചകളുടെ പിന്തുടര്‍ച്ചയാണ് പിന്തുണ നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ലേബറിനെ നയിച്ചതെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് തെരേസാ മേ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനുമായി സാധാരണ രീതിയിലുള്ള കസ്റ്റംസ് കരാര്‍ പിന്തുടരാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം. പഴയ കാര്യങ്ങള്‍ പരിഷ്‌കരിക്കാതെ വീണ്ടും കൊണ്ടുവരികയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബെയന്‍ കുറ്റപ്പെടുത്തുന്നു.