ബ്രെക്‌സിറ്റ് മൂന്ന്‌ലക്ഷത്തോളം ബ്രിട്ടീഷ് വെബ്‌സൈറ്റുകള്‍ക്ക് ഭീഷണിയാകുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുകയും രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ പീരിയഡ് അവസാനിക്കുകയും ചെയ്യുന്നതോടെ ഈ വെബ്‌സൈറ്റുകള്‍ക്ക് പൂട്ട് വീഴാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയനാണ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെ സ്ഥാപനങ്ങളും പൗരന്‍മാരും ഡോട്ട് ഇയു (.eu.) ഡൊമെയിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈറ്റുകള്‍ക്കാണ് പിടിവീഴാന്‍ സാധ്യതയുള്ളത്. ബ്രെക്‌സിറ്റിനു ശേഷം ഈ ഡൊമെയിനുകള്‍ ഉപയോഗിക്കാന്‍ യുകെ പൗരന്‍മാരും സ്ഥാപനങ്ങളും നിയമപരമായി അര്‍ഹരല്ലെന്ന് ബ്രസല്‍സ് വിലയിരുത്തുന്നു.
ഇപ്പോള്‍ ഈ ഡൊമെയിനില്‍ തുടരുന്നവര്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഡൊമെയിന്‍ മാറണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. പിന്‍വാങ്ങല്‍ തിയതിക്കു മുമ്പായി ഇത് ചെയ്യണമെന്നാണ് നിര്‍ദേശം. 2019 മാര്‍ച്ച് 30നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറുന്നത്. ഇതോടെ യൂറോപ്യന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ പ്രാവര്‍ത്തികമല്ലാതാകും. അതുകൊണ്ടുതന്നെ ഇയു ഡൊമെയിനിലുള്ള യുകെ സൈറ്റുകള്‍ക്ക് ഈ തിയതിക്കു ശേഷം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.
ഡോട്ട് ഇയു ഡൊമെയിന്‍ കൈകാര്യം ചെയ്യുന്നത് EURid എന്ന കണ്‍സോര്‍ഷ്യമാണ്. യൂറോപ്യന്‍ കമ്മീഷന്റെ ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് കണ്‍സോര്‍ഷ്യം അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയുടെ ലിങ്ക് തങ്ങള്‍ക്ക് ലഭിച്ചതായും ഈ തീരുമാനമെടുക്കുന്നതില്‍ യാതൊരു പങ്കും തങ്ങള്‍ക്കില്ലെന്നും കണ്‍സോര്‍ഷ്യം വ്യക്തമാക്കി. ഇയു ഡൊമെയിന്‍ ഉപയോക്താക്കള്‍ക്കെതിരെ ബ്രെക്‌സിറ്റിനു ശേഷവും നടപടികളൊന്നും സ്വീകരിക്കില്ലെന്നായിരുന്നു ഇയുറിഡ് 2016ല്‍ അറിയിച്ചിരുന്നത്.
Leave a Reply