പാരീസ്: ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഉണ്ടാകാനിടയുണ്ടെന്ന് പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. തങ്ങളുടെ ബാങ്കിലെ 75 ശതമാനം തസ്തികകളും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് അമേരിക്കന്‍ ബാങ്ക് ആയ ജെപി മോര്‍ഗന്‍ വ്യക്തമാക്കി. പാരീസില്‍ നടന്ന യൂറോപ്ലേസ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഫോറം ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ബാങ്ക് ചീഫ് എക്‌സിക്യട്ടീവ് ജെയ്മി ഡൈമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇടപാടുകാരെയാണ് പ്രധാനമായു ലക്ഷ്യമിടുന്നത്.
ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മുറിയുന്നത് തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണം. 16,000 ജീവനക്കാരാണ് യുകെയില്‍ ബാങ്കിന് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ 75 ശതമാനവും യൂറോപ്യന്‍ കമ്പനികള്‍ക്കുള്ള സേവനങ്ങളാണ് നല്‍കിവരുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് ഉണ്ടാകാനിടയുള്ള സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കാന്‍ ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്നും ഡൈമന്‍ വ്യക്തമാക്കി.
തങ്ങളുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, ലക്‌സംബര്‍ഗ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താനാണ് പദ്ധതിയെന്ന് ഈ വര്‍ഷം ആദ്യം ബാങ്ക് അറിയിച്ചിരുന്നു. കൂടുതല്‍ തസ്തികകളും ഇവിടങ്ങളിലായിരിക്കും. പാരീസ്, മിലാന്‍, മാഡ്രിഡ്, സ്റ്റോക്ക്‌ഹോം എന്നിവിടങ്ങളില്‍ നിലവിലുള്ള ഓഫീസുകളിലായിരിക്കും ബാക്കി തസ്തികകള്‍ വിന്യസിക്കപ്പെടുക.
Leave a Reply