ലണ്ടന്‍: മൂന്നാം തവണ ബ്രെക്‌സിറ്റ് നയരേഖയ്ക്ക് പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. എന്നാല്‍ നേരത്തെ കരുതിയിരുന്നത് പോലെ അടുത്ത ആഴ്ച്ച മേയ് പാര്‍ലമെന്റില്‍ വോട്ടെടുപ്പിനായി എത്തിച്ചേര്‍ന്നേക്കില്ല. എം.പിമാരുടെ പിന്തുണ ഇത്തവണ വളരെ നിര്‍ണായകമായതിനാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷം പാര്‍മെന്റിലെത്താനാവും മേയ് ശ്രമിക്കുക. ബ്രെക്‌സിറ്റിന്റെ ഭാവി ബ്രിട്ടന്റെ കൈകളിലാണെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വോട്ടെടുപ്പ് കാലതാമസം ഉണ്ടാകുതെന്നാണ് സൂചന. ഇത്തവണ ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
നേരത്തെ ആര്‍ട്ടിക്കിള്‍ 50 ബ്രെക്സിറ്റ് ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ചിരുന്നു. ഡിലേ നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ മെയ് 22 വരെ ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സമയം ലഭിക്കും. ഇക്കാലയളവില്‍ എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ബ്രെക്‌സിറ്റ് പോളിസിയില്‍ വലിയ മാറ്റം വരുത്താനും മേയ് കഴിയും. എന്നാല്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിലേ പദ്ധതിക്ക് അംഗീകാരം നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്തെ പ്രധാന റോഡുകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വലിയ പ്രതിഷേധങ്ങളിലേക്ക് എത്താതെ കാര്യങ്ങള്‍ നിയന്ത്രിതമാക്കുകയായിരുന്നു.
മൂന്നാം തവണ ബ്രെക്സിറ്റ് പോളിസി വോട്ടിനെത്തുമ്പോള്‍ യു.കെയിലെ എം.പിമാര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സമയം കൂടിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് രാജ്യത്തിന് അനുകൂലമായി ഒരു ബ്രെക്സിറ്റിനായി താന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മേയ് വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് ഡിലേയിലേക്ക് നീങ്ങിയതിന് പിന്നില്‍ എംപിമാരാണെന്ന് ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തില്‍ മേയ് കുറ്റപ്പെടുത്തിയിരുന്നു. മൂന്നാമതും ബ്രെക്സിറ്റ് പാര്‍ലമെന്റിലെത്തിയാല്‍ വിമത എം.പിമാരെ ഒപ്പം നിര്‍ത്താന്‍ കഴിയിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു പരാജയത്തിന് കൂടി മേയ് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും
Leave a Reply