ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യൂറോപ്യൻ യൂണിയനുമായി ഒത്തുതീർപ്പിന് ശ്രമിച്ച് ബോറിസ് ജോൺസൻ. 11 ദിവസത്തെ നിർണായക ഉച്ചകോടിക്ക് മുന്നോടിയായി, യൂറോപ്യൻ യൂണിയൻ തയ്യാറാണെങ്കിൽ ഒരു പുതുക്കിയ കരാർ സാധ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം തന്റെ ബ്രെക്‌സിറ്റ് നിർദേശങ്ങൾ പാർലമെന്റിൽ പിന്തുണ നേടിയതായി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. ഒരു പുതിയ കരാർ തീർച്ചയായും സാധ്യമാണെന്ന് ലാറ്റ്വിയൻ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരിൻസ് പറഞ്ഞു. യുകെയുടെ പദ്ധതികളെപറ്റിയുള്ള ചർച്ചകൾ ശക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ ആവശ്യപ്പെട്ടു. എന്നാൽ ഐറിഷ് ബാക്ക്സ്റ്റോപ് സംബന്ധിച്ച ബ്രിട്ടന്റെ നിർദേശങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഐറിഷ് അതിർത്തിയിലൂടെ സഞ്ചാര സ്വാതന്ത്ര്യവും സ്വതന്ത്ര ചരക്കു നീക്കവും അനുവദിക്കുന്ന ബാക്ക്സ്റ്റോപ്പ് വ്യവസ്ഥകൾ ഉൾക്കൊണ്ട കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയതാണ്. ഒരു പുതിയ കരാർ സാധ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

പുതിയൊരു കരാറിന് പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ലേബർ പാർട്ടിയുമായും മറ്റ് പ്രതിപക്ഷ എംപിമാരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്റ്റീഫൻ ബാർക്ലേ അറിയിച്ചു. അടുത്താഴ്ച നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ പാർലമെന്റ് വോട്ടെടുപ്പിൽ അവതരിപ്പിക്കുകയെന്ന ആശയം മന്ത്രിമാർ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന നിയമം സർക്കാർ എങ്ങനെ പാലിക്കുമെന്ന് ജോൺസൺ ഇതുവരെ വിശദീകരിച്ചിട്ടില്ല .

	
		

      
      



              
              
              




            
Leave a Reply