ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബ്രിട്ടൻ. ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രവുമായി ജോൺസൺ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ കാലാവധി നീട്ടണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടുകൊണ്ടും വ്യക്തിപരമായി ബ്രെക്സിറ്റ് കാലാവധി നീട്ടാതിരിക്കുന്നതാണ് ഉചിതമെന്ന് കാണിച്ചും രണ്ട് കത്തുകൾ ബോറിസ് ജോൺസൺ ബ്രസൽസിന് അയച്ചു. എന്നാൽ ആദ്യത്തെ കത്തിൽ അദ്ദേഹം ഒപ്പുവെച്ചിട്ടില്ല. ബോറിസ് ജോൺസന്‍റെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ചർച്ചകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് നിലപാടെടുത്തു. അർത്ഥവത്തായ ഒരു വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ഹൗസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് പറഞ്ഞു.
ബ്രെക്സിറ്റിൽ ഇനി എന്തൊക്കെ സംഭവിക്കാം ;
1) കാലാവധി നീട്ടണമെന്ന അഭ്യർത്ഥന – ജോൺസന്റെ കത്ത് യൂറോപ്യൻ യൂണിയൻ ഇപ്പോൾ പരിഗണിക്കും. എല്ലാ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഒരു വിപുലീകരണത്തിന് സമ്മതിക്കണം. യൂറോപ്യൻ യൂണിയൻ ഉടനടി ഉത്തരം നൽകേണ്ടതില്ല.ബ്രെക്‌സിറ്റിന് കാലതാമസം നൽകാൻ യൂറോപ്യൻ യൂണിയൻ വിസമ്മതിക്കുകയാണെങ്കിൽ, ഒരു കരാറും അനുബന്ധ നിയമനിർമ്മാണവും പാസാക്കാൻ പാർലമെന്റിന് ഒക്ടോബർ 31 വരെ സമയമുണ്ട്.
2)ഒക്ടോബർ 31ന് കരാർ രഹിത ബ്രെക്സിറ്റ് – ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടിലാണ് ജോൺസൻ. ഏറ്റവും കഠിനമായ അവസ്ഥയാണ് നോ-ഡീല്‍ ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി ആയ ഒക്ടോബര്‍ 31 ആയിട്ടും കരാറില്‍ എത്താന്‍ ബ്രിട്ടന് കഴിയാതെ വന്നാല്‍ ബ്രിട്ടണ്‍ വെറും കൈയ്യോടെ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങേണ്ടി വരും. ഇത് എളുപ്പമല്ല. കനത്ത നഷ്‍ടമായിരിക്കും ബ്രിട്ടീഷ് സാമ്പത്തിക രംഗം നേരിടുക. ഇംഗ്ലീഷ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബ്രിട്ടീഷ് ജിഡിപി 8 ശതമാനം വരെ ഇടിയും. ലോകവ്യാപാര സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുമായി പുതിയ കരാറുകള്‍ക്ക് ബ്രിട്ടണ്‍ ശ്രമിക്കേണ്ടിവരും.
3)ഇടക്കാല തെരഞ്ഞെടുപ്പ് -നിലവിൽ ബ്രെക്സിറ്റ് നടക്കാനിരിക്കുന്ന ഒക്ടോബർ 31 ന് ശേഷം ഒരു ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. എന്നിരുന്നാലും, അത് ഈ വർഷാവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രതിപക്ഷമായ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാലും ബ്രെക്സിറ്റിനു പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. പകരം ബ്രെക്സിറ്റിനുമേൽ രണ്ടാം ഹിതപരിശോധന നടന്നേക്കും.
4) ബ്രെക്സിറ്റ് റദ്ദാക്കുക – ആർട്ടിക്കിൾ 50 റദ്ദാക്കി ബ്രെക്സിറ്റ് മൊത്തത്തിൽ റദ്ദാക്കാനുള്ള നിയമപരമായ സാധ്യതയുമുണ്ട്. എന്നാൽ ഇത് നിലവിലെ സർക്കാർ ആലോചിക്കുന്ന ഒന്നല്ല. അതിനാൽ സർക്കാരിന്റെ മാറ്റത്തിനുശേഷമേ ഇതിനെപറ്റി ചിന്തിക്കാൻ കഴിയൂ. കോമൺസിൽ ഭൂരിപക്ഷം നേടിയാൽ ആർട്ടിക്കിൾ 50 റദ്ദാക്കുമെന്നും ബ്രെക്സിറ്റ് റദ്ദാക്കുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply