അടുത്ത മാസം പാര്‍ലമെന്റില്‍ വോട്ടിനിടുന്ന ബ്രെക്‌സിറ്റ് പിന്‍മാറ്റക്കരാറില്‍ ഒരു പബ്ലിക് വോട്ട് കൂടി ഉള്‍പ്പെടുത്തണമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍. പ്രതിസന്ധി മാറണമെങ്കില്‍ ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധന അത്യാവശ്യമാണെന്ന് ലേബര്‍ നേതാവ് പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റില്‍ സമവായത്തിനായി ലേബറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ നടന്നു വന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഒരു വ്യത്യസ്തമായ ബ്രെക്‌സിറ്റ് ഓപ്ഷന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭൂരിപക്ഷാഭിപ്രായത്തിന് വിടുമെന്ന് തെരേസ മേയ് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഒരു തെരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലേബര്‍ മുന്നോട്ടു വെക്കുന്ന മാറ്റങ്ങള്‍. ഇവയൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒരു ഹിതപരിശോധനയെന്ന ആവശ്യമാണ് ലേബറിനുള്ളത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം മറ്റു പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കരാറിനും സമ്മതം മൂളണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണ വോട്ട് എന്ന ആശയവും ഉയരുന്നുണ്ട്. യാതൊരു വിധ ഉടമ്പടികളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള ഓപ്ഷനും പുതിയ ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സ്റ്റാമര്‍ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍ഫര്‍മേറ്ററി വോട്ട് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി.
Leave a Reply